അശ്ലീല ഉള്ളടക്കമുള്ള വിഡിയോകള്‍ ടിക്ടോക്ക് ഇനി സ്വമേധയാ നീക്കം ചെയ്യും
അടിമുടി മാറ്റത്തിനു തയ്യാറായി ടിക് ടോക്ക്. അശ്ലീല ഉള്ളടക്കങ്ങളുള്ള വിഡിയോകളും ചിത്രങ്ങളും ഇനി ടിക്ടോക്ക് സ്വമേധയാ നീക്കം ചെയ്യും. അതുപോലെ അക്രമസ്വഭാവമുള്ള വിഡിയോകള്‍ക്കെതിരെയും ഉടനടി നടപടിയുണ്ടാകും. അക്രമസ്വഭാവം, നഗ്‌നതയും ലൈംഗിക പ്രവൃത്തികളും അടങ്ങുന്ന അശ്ലീല ഉള്ളടക്കം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരെയാണ് നടപടിയുണ്ടാകുക. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യും. ഇത്തരം വിഡിയോ നീക്കം ചെയ്ത ശേഷം ഉപയോക്താവിനെ വിവരമറിയിക്കുകയും ചെയ്യും. വിനോദം മുന്നില്‍കണ്ടുള്ള പ്ലാറ്റ്ഫോമില്‍ അനുചിതമായതും ഉപയോക്താക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുമുള്ള വിഡിയോകള്‍ ഒഴിവാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ടിക്ടോക്ക് പറയുന്നു.
അശ്ലീല ഉള്ളടക്കങ്ങളുടെയും അക്രമസ്വഭാവമുള്ള വിഡിയോകളുടെയും പേരില്‍ വ്യാപകമായി പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് ഇവയ്ക്കെതിരെ കൂടുതല്‍ കാര്യക്ഷമമായ നടപടിക്ക് കമ്പനി തയാറായത്. നിരോധനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്താനുള്ള നീക്കം ശക്തമാക്കുന്നതിനിടെയാണ് ടിക്ടോക്ക് പുതിയ ഓട്ടോമേഷന്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. പുതിയ ഓട്ടോമേഷന്‍ സംവിധാനം വിജയകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വമേധയാ നീക്കം ചെയ്തതില്‍ ഇരുപതില്‍ ഒന്നില്‍ മാത്രമാണ് നടപടി തെറ്റിയിട്ടുള്ളതെന്ന് കമ്പനി പറയുന്നു. പുതിയ മാറ്റങ്ങള്‍ അമേരിക്കയിലും കാനഡയിലും ഉടന്‍ പ്രാബല്യത്തില്‍വരും. അതേസമയം ഇന്ത്യയിലെ നിരോധനം നീക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ടിക്ടോക്ക് വൃത്തങ്ങള്‍ ഇപ്പോഴും ചര്‍ച്ച നടത്തിവരികയാണ്.