രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കര്‍ശനമാക്കാന്‍ യുപി സര്‍ക്കാര്‍
രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതില്‍ നിന്നും വിലക്കാനുള്ള വ്യവസ്ഥയുള്ള ബില്ല് പാസാക്കാന്‍ തയ്യാറായി ഉത്തര്‍ പ്രദേശ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബില്‍ കൊണ്ട് വരുന്നത്. ഇങ്ങനെ ഉള്ളവരെ സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷ നല്‍കുന്നതില്‍ നിന്നുമുള്‍പ്പെടെ വിലക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും. ഇതിന് പുറമേ രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നിരവധി ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലികളിലും വിലക്ക് ഏര്‍പ്പെടുത്തുമെന്നും യു പി ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ എന്‍ മിത്തല്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ നാലംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്തൂ. ഒറ്റ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നല്‍കുംജനസംഖ്യാ നയത്തിന്റെ കരട് രൂപരേഖ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകള്‍ക്ക് ഈ മാസം 19 നുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അറിയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജനസംഖ്യാ നയം കൃത്യമായി പാലിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. ഭൂമി വാങ്ങുന്നതിന് ഇവര്‍ക്ക് സബ്സിഡി നല്‍കും. രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫ് ഉള്‍പ്പെടെ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങള്‍ കൂടുതല്‍ ആനുകൂല്യങ്ങളാകും ലഭിക്കുക. വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയില്‍ ഇളവും ലഭിക്കും.