ചിരിച്ചു ഉല്ലസിച്ചു വണ്ടിപ്പെരിയാറിലേയ്ക്ക് ; വിവാദമായപ്പോള്‍ പോസ്റ്റ് മുക്കി ഷാഹിദാ കമാല്‍

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനു കിട്ടിയത് എട്ടിന്റെ പണി. വണ്ടിപെരിയാറിലേക്കുള്ള യാത്രയില്‍ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് പണി കിട്ടാന്‍ കാരണമായത്. വണ്ടിപ്പെരിയാറില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് വനിതാ കമ്മീഷന്‍ അംഗം ചിരിച്ചുകൊണ്ടുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ കണ്ടപ്പോള്‍ കല്യാണത്തിന് പോകുവാണെന്ന് തെറ്റദ്ധരിച്ചു, ക്ഷമിക്കണം എന്നാണ് പലരും കമന്റില്‍ പരിഹസിക്കുന്നത്. ഷാഹിദാ കമാലിന്റെ ഫോട്ടോക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് ഇവര്‍ ഫോട്ടോ പിന്‍വലിച്ചു.

വണ്ടിപ്പെരിയാറിലെ പീഡനവാര്‍ത്ത പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും വനിതാ കമ്മീഷന്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ഷാഹിദാ കമാല്‍ ചിരിച്ചുകൊണ്ടുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് യാത്രാവിവരം അറിയിച്ചത്. അതേസമയം കേസിലെ പ്രതിയായ അര്‍ജുനെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാറിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് വളരെ പണിപ്പെട്ടാണ് അര്‍ജുനെ തിരിച്ചു വാഹനത്തില്‍ കയറ്റിയത്. ഇതിനിടെ പൊലീസ് വലയം ഭേദിച്ച് ഒരാള്‍ അര്‍ജുന്റെ മുഖത്തടിച്ചു. അര്‍ജുന്‍ മറ്റു കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.