സംസ്ഥാനത്ത് മൂന്ന് പേര്‍ക്കും കൂടി സിക്ക , രോഗബാധിതരില്‍ രണ്ട് വയസ്സുള്ള കുട്ടിയും

സംസ്ഥാനത്ത് മൂന്ന് പേര്‍ക്കും കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിതരില്‍ ഒരാള്‍ രണ്ട് വയസുള്ള കുട്ടിയാണ്.ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 18 ആയി. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് 3 എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍.ഐ.വി. പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍ എത്തും. കേന്ദ്ര സംഘം വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പരിശോധനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.