ഇന്ത്യയില്‍ ജനസംഖ്യ വര്‍ദ്ധനവിന് കാരണം ആമിര്‍ഖാനെ പോലുള്ളവര്‍ എന്ന് ബിജെപി എം പി
ബോളിവുഡ് താരം ആമിര്‍ ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യാവര്‍ദ്ധനവിന് കാരണമെന്ന് ബി ജെ പി എം പി സുധീര്‍ ഗുപ്ത. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം ആമിര്‍ ഖാനെ പോലെയുള്ളവരാണ്. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍, അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരില്‍ നിന്നും മൂന്ന് കുട്ടികളുണ്ടെന്നും ഇതിനെക്കുറിച്ചൊന്നും അവര്‍ ബോധവാന്മാരാകുന്നില്ലെന്നും പറഞ്ഞ സുധീര്‍ ഗുപ്ത ഇതാണോ ഇന്ത്യ ലോകത്തിനു നല്‍കുന്ന സന്ദേശമെന്നും ഗുപ്ത ചോദിക്കുന്നു. ലോകജനസംഖ്യാ ദിനത്തില്‍ ആയിരുന്നു ബി ജെ പി എം പിയുടെ വിവാദ പരാമര്‍ശം. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ നിന്നുള്ള എം പിയാണ് സുധീര്‍ ഗുപ്ത.
രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുമ്പോള്‍ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വര്‍ദ്ധിക്കുന്നില്ല. ഇത് അത്ര നല്ല വാര്‍ത്ത അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസമാണ് ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവാഹമോചിതരാകുന്നുവെന്ന് അറിയിച്ചത്. പതിനഞ്ചു വര്‍ഷത്തെ വിവാഹജീവിതത്തിന് ഒടുവിലാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. റീന ദത്തയുമായുള്ള പതിനാറു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. ‘രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പിന്നില്‍ ആമിര്‍ ഖാനെപ്പോലുള്ളവര്‍ക്ക് പങ്കുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്,’ – ഗുപ്ത പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2021 – 2030ലെ സംസ്ഥാനത്തെ പുതിയ ജനസംഖ്യ നയം പുറത്തിറക്കിയപ്പോള്‍ ലോക ജനസംഖ്യ ദിനത്തില്‍ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഗുപ്തയുടെ അഭിപ്രായങ്ങള്‍ വന്നത്.