കേരളത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു ; ഈ വര്‍ഷം മാത്രം ഇതുവരെ 627 കേസുകള്‍

കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 627 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021 ജനുവരി മുതല്‍ മെയ് വരെയുള്ള കണക്ക് പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്തത് 1143 ലൈംഗിക പീഡന കേസുകളാണ് . സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നുവെന്ന് തെളിയിക്കുന്ന കൃത്യമായ കണക്കാണിത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഈ വര്‍ഷം ഇതുവരെ 89 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തത് ഈ ഇനത്തില്‍ 197 കേസുകളാണ്. കുട്ടികള്‍ക്കെതിരായ മറ്റ് അതിക്രമങ്ങള്‍ക്ക് 897 കേസുകള്‍ അഞ്ചു മാസത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇത് 2242 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരായ മൊത്തം അതിക്രമകേസുകള്‍ അഞ്ചു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1649 എണ്ണമാണ്. കഴിഞ്ഞ വര്‍ഷം ആകെ ഇത് 3628 കേസുകള്‍ ആയിരുന്നു. പോലീസ് ക്രൈം സ്റ്റാറ്റിറ്റിക്‌സ് ഔദ്യോഗിക കണക്കുപ്രകാരം വ്യക്തമാവുന്നത് സംസ്ഥാനത് കുട്ടികള്‍ക്കെതിരായ അതിക്രമകേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുവെന്നാണ്. 2019 ല്‍ ആണ് കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടായത്. 4553 കേസുകളാണ് ആ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തത്. 1313 ലൈംഗിക പീഡന കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.