ഗൂഗ്ളിന് 4400 കോടി (50 കോടി യൂറോ) രൂപ പിഴയിട്ട് ഫ്രാന്‍സ്
പകര്‍പ്പാവകാശക്കേസില്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗ്ളിന് 50 കോടി യൂറോ (ഏകദേശം 4400 കോടി) പിഴയിട്ട് ഫ്രാന്‍സ് സര്‍ക്കാര്‍. നിലവില്‍ ലോകത്ത് ഏതെങ്കിലും കമ്പനിക്ക് രാജ്യത്തെ കോംപിറ്റീഷന്‍ അതോറിറ്റി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. ഉള്ളടക്കത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന കുറ്റത്തിനാണ് പിഴ. പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ക്ക് പ്രതിഫലം ഉറപ്പാക്കാന്‍ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ദിനംപ്രതി 900,000 യൂറോ പിഴയൊടുക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണ് എന്ന് ഗൂഗ്ള്‍ പ്രതിനിധി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉടനീളം മികച്ച വിശ്വാസത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചത്. തങ്ങള്‍ ചെയ്ത ശ്രമങ്ങളെയും യാഥാര്‍ത്ഥ്യത്തെയും പ്രതിഫലിപ്പിക്കുന്നതല്ല ഈ പിഴ. 2020 മെയ്-സെപ്തംബര്‍ മാസത്തിലായിരുന്നു അതോറ്റിയുമായുള്ള കൂടിക്കാഴ്ച. അക്കാലം മുതല്‍ വാര്‍ത്താ ഏജന്‍സികളുമായും പ്രസാധകരുമായും മികച്ച ധാരണയില്‍ പ്രവര്‍ത്തിച്ചുവരികയാണ്- വക്താവ് കൂട്ടിച്ചേര്‍ത്തു. പരസ്യവരുമാനമുണ്ടായിട്ടും ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയ്ക്ക് വേണ്ടത്ര നഷ്ടപരിഹാരം കിട്ടിയില്ല എന്നാണ് പ്രസാധകരുടെ പരാതി. എ.എഫ്.പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും റെഗുലേറ്ററി ബോഡിയില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, ഫ്രഞ്ച് പത്രങ്ങളുമായും മാഗസിനുകളുമായും ഇക്കാര്യത്തില്‍ വ്യക്തിഗത കരാറുകള്‍ ഉണ്ടാക്കിയതായി നവംബറില്‍ ഗൂഗ്ള്‍ പ്രഖ്യാപിച്ചിരുന്നു.
സമാനമായ ആവശ്യം ആസ്‌ട്രേലിയയും ഉന്നയിച്ചിട്ടുണ്ട്. ഗൂഗ്ളും ഫേസ്ബുക്കും സ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്നാണ് ആസ്ട്രേലിയ പറയുന്നത്. ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യവരുമാനം നിലവില്‍ ഗൂഗ്ള്‍, ഫെയ്സ്ബുക്ക് പോലുള്ള ഭീമന്മാര്‍ നിശ്ചയിക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഇക്കാര്യത്തില്‍ മാറ്റം വേണമെന്നാണ് ആസ്ട്രേലിയ ആവശ്യപ്പെട്ടിട്ടുള്ളത്. ഉള്ളടക്കങ്ങള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം അതു പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ക്ക് കൂടിയുള്ളതാണ് എന്നാണ് ഓസ്ട്രേലിയ പറയുന്നത്. ഇക്കാര്യങ്ങളില്‍ മാധ്യമങ്ങളുമായി കൂടിയാലോചന വേണമെന്നും അല്ലെങ്കില്‍ ഇടപെടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.