റോഡിന് വശങ്ങളില്‍ ഉള്ള മദ്യശാലകള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി .ആള്‍ തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യ വില്‍പനശാലകള്‍ക്കു മുമ്പില്‍ അനിയന്ത്രിതമായി ആള്‍ക്കൂട്ടമുണ്ടാവുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കോടതി നിരീക്ഷണം.മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ബാറുകളില്‍ മദ്യവില്‍പന പുനരാരംഭിച്ച സാഹചര്യത്തില്‍ ബവ്കോ ഔട്ട് ലെറ്റുകളിലെ തിരക്ക് കുറയും. മദ്യവില്‍പനയ്ക്ക് ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യവില്‍പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. തിരക്കു കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിയ്ക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കൊവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കൊവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ് എന്നും കോടതി നിരീക്ഷിച്ചു.