വ്യാപാരികളുടെ സമരത്തെ നേരിടേണ്ട രീതിയില്‍ നേരിടും ; വെല്ലുവിളിയുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധം അതിരുവിട്ടാല്‍ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനൊപ്പം നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എനക്കാ കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. അതിനൊപ്പം നില്‍ക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അതു മനസ്സിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
വ്യാപാരികളുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ല. അവരുമായി ചര്‍ച്ച നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ കടകളും എല്ലാ ദിവസവും തുറക്കാനാകില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അവശ്യസാധനങ്ങളുടെ കടകള്‍ എട്ടു മണി തുറക്കാം. മൂന്നാം തരംഗം അടുത്തുണ്ട്. വലിയ ആശങ്ക ഉയര്‍ത്തുന്ന പ്രശ്നമാണിത്. അതു കൊണ്ടാണ് ആവര്‍ത്തിച്ച് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വരുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.