പാലക്കാടും കൂടത്തായി മോഡല്‍ ; ഭര്‍ത്താവിന്റെ അച്ഛന് യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് രണ്ട് വര്‍ഷം
കേരളം ഞെട്ടിയ കൂടത്തായി മോഡല്‍ കൊലപാതക ശ്രമം പാലക്കാടും. ഭര്‍തൃപിതാവിന് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയ്ക്കാണ് കോടതി അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്. ഒറ്റപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 മുതല്‍ 2015 വരെ ഭര്‍തൃപിതാവായ മുഹമ്മദിന്(59) രണ്ട് വര്‍ഷത്തോളം ഭക്ഷത്തില്‍ മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. നിരന്തരം വയറുവേദനയും ഛര്‍ദിയും അനുഭവിച്ച മുഹമ്മദ് ചികിത്സയിലായിരുന്നു.ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഭര്‍ത്താവിന്റെ മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസിലും ഒറ്റപ്പാലം കോടതിയില്‍ ഫസീല വിചാരണ നേരിടുകയാണ്. മുഹമ്മദിന്റെ പരാതിയില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും പൊലീസ് മെത്തോമൈല്‍ കണ്ടെത്തിയിരുന്നു. ഇതേ വിഷാംശത്തിന്റെ സാന്നിധ്യമാണ് മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് പിഴ. 2016 ലാണ് ഫസീലയുടെ ഭര്‍ത്താവിന്റെ മുത്തശ്ശി നബീസ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. 71 വയസ്സുണ്ടായിരുന്ന നബീസ ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്നാണ് മരിക്കുന്നത്. നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഭര്‍തൃപിതാവിനോടും മുത്തശ്ശിയോടുമുള്ള മുന്‍വൈരാഗ്യമാണ് ഫസീലയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.