എസ്.എസ്.എല്‍.സി മിന്നും ജയം ; 99. 47 വിജയശതമാനം
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എല്‍സി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കൊറോണ ഭീഷണിക്ക് ഇടയിലും ഇത്തവണ വിജയശതമാനം ഉയര്‍ന്നു. 1,21,318 പേര്‍ എല്ലാം വിഷയത്തിലും എ പ്ലസ് നേടി കഴിഞ്ഞ വര്‍ഷം 41,906 പേര്‍ക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. ഏറ്റവും കൂടുതല്‍ വിജയം നേടിയ റവന്യൂ ജില്ല കണ്ണൂര്‍ (99.85%). വിജയശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടു (98.13) മാണ്.ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും ( 99.97 ) കുറഞ്ഞത് വയനാട് (98.13) വിദ്യാഭ്യാസ ജില്ലയുമാണ്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്‌കൂളിലാണ്. 2076 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലെ നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ഇപ്പോഴത്തെ അവസ്ഥയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം. പ്രത്യേക സാഹചര്യത്തില്‍ കുട്ടികള്‍ക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പില്‍ അവലംബിച്ചിരുന്നത്. 40 മുതല്‍ 60 ശതമാനം വരെ ഫോക്കസ് ഏരിയ നല്‍കി. ചോദ്യങ്ങളില്‍ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാല്‍ മതിയായിരുന്നു. ഉത്തരങ്ങളില്‍ മികച്ചവയ്ക്ക് മാര്‍ക്ക് നല്‍കുമെന്ന വ്യവസ്ഥയും മൂല്യനിര്‍ണയത്തില്‍ പാലിച്ചു. ഐ.ടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകള്‍ പൂര്‍ത്തീകരിച്ചത്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായതിനാല്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.