പഴനി കൂട്ടബലാല്‍സംഗം വ്യാജമെന്ന് പോലീസ്

പഴനിയില്‍ മലയാളി യുവതി ക്രൂര ബലാത്സം?ഗത്തിനിരയായെന്ന പരാതി കെട്ടിച്ചമച്ചതെന്നു തമിഴ്‌നാട് പൊലീസ്. തലശേരി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിണ്ടിഗല്‍ റേഞ്ച് ഡിഐജി ബി. വിജയകുമാരി പറഞ്ഞു. പീഡനം നടന്നതായി പറയുന്ന പഴനിയിലെ ലോഡ്ജ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സംഘം അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചു. യുവതിക്ക് ശാരീരിക പരിക്കുകളൊന്നുമില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. യുവതി ഇന്നലെ മജിസ്‌ട്രേട്ടിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ പകര്‍പ്പ് കൂടി ലഭിച്ചശേഷം അന്തിമ നിഗമനത്തിലെത്താനാണു തീരുമാനം.

പഴനിയില്‍ വച്ച് ലോഡ്ജ് ഉടമയും സംഘവും തന്റെ ഭാര്യയെ ബലാത്സംഗം ചെയ്‌തെന്ന യുവാവിന്റെ പരാതി പണം തട്ടാന്‍ വേണ്ടിയുള്ള ബ്ലാക്‌മെയിലിംഗ് ആയിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. തലശ്ശേരിയില്‍ എത്തി ദമ്പതികളുടെ മൊഴിയെടുത്ത പൊലീസ് ഇവര്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുളള പരിശോധന തുടങ്ങി. കഴിഞ്ഞമാസം 20ാം തീയതി പഴനിയില്‍ തീര്‍ത്ഥാടനത്തിനായി പോയപ്പോള്‍ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കൂട്ടബലാത്സംഗത്തില്‍ മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പൊലീസിനെ കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത്. അതുപോലെ ഇരുവരും അമ്മയും മകനും എന്ന പേരിലാണ് റൂം എടുത്തിരുന്നത് എന്നാണ് ലോഡ്ജ് ഉടമസ്ഥന്‍ പൊലീസിന് നല്‍കിയ മൊഴി.

ഇന്നലെ തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് ദമ്പതികളെ പൊലീസ് വിട്ടയച്ചത്. പഴനിയില്‍ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി വിലയിരുത്തിയ ശേഷമാകും യുവാവിനെ കസ്റ്റഡിയില്‍ എടുക്കണോ എന്ന കാര്യത്തില്‍ തമിഴ്‌നാട് പൊലീസ് തീരുമാനം എടുക്കുക. ഭാര്യയെ പീഡിപ്പിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി പഴനിയിലെ ലോഡ്ജ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നോ യുവാവിന്റെ ശ്രമമെന്ന് പൊലീസിന് സംശയമുണ്ട്. ഇതിനായി യുവാവിന്റെ കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.