കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; അഷ്റഫിനെ തട്ടിക്കൊണ്ടുപോയ 3 പേര്‍ അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ക്യാരിയര്‍ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലി, സൈഫുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസം മുന്‍പ് ഇവര്‍ സ്വര്‍ണം ആവശ്യപ്പെട്ട് അഷ്റഫിനെ ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്തവരുടെ നിര്‍ദ്ദേശ പ്രകാരമാണ് അഷ്‌റഫ് മെയ് 26ന് വിദേശത്തു നിന്ന് രണ്ട് കിലോയിലേറെ സ്വര്‍ണം കടത്തിയത്. എന്നാല്‍ സ്വര്‍ണം ഇവര്‍ക്ക് നല്‍കാതെ മറ്റ് സംഘത്തിനു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ ഇയാളെ ഭീഷണിപ്പെടുത്തിയത്, മുന്‍പ് പലതവണ അഷ്റഫിനെ ഇവര്‍ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്നലെയാണ് കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായ അഷ്റഫിനെ ഒരു സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. രാവിലെ ആറരയോടെ ഊരള്ളൂരിലെ അഷ്റഫിന്റെ വീട്ടില്‍ കാറിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോയ ശേഷം മാവൂരിലെ തടിമില്ലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇന്നു രാവിലെ മൂന്നരയോടെ സംഘം അഷ്റഫിനെ കുന്ദമംഗലത്ത് ഇറക്കിവിട്ടു. കുന്ദമംഗലം പൊലീസെത്തിയാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അഷ്റഫിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ ബ്ലേഡ് കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കൊടുവള്ളിയില്‍നിന്നുള്ള സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അഷ്റഫ് മുമ്പ് കൊച്ചി വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.