സര്‍ക്കാര്‍ കനിഞ്ഞാല്‍ ഷൂട്ടിങ് കേരളത്തില്‍ തന്നെ ; ആന്റണി പെരുമ്പാവൂര്‍
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മാറ്റിയാല്‍ ഷൂട്ടിംഗ് കേരളത്തിലാക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡി സിനിമയുടെ ഷൂട്ടിങ് തെലങ്കാനയില്‍ ആരംഭിച്ചത് ഷെഡ്യൂള്‍ മാറിയപ്പോയതുകൊണ്ടാണെന്നും ആന്റണി വിശദീകരണം നല്കി. ഉടന്‍ ഷൂട്ടിങ് അനുമതി ലഭിച്ചാല്‍ തെലുങ്കാനയിലെ ആദ്യ ഘട്ടത്തിനു ശേഷം കേരളത്തില്‍ ഷൂട്ടിംഗ് നടത്താന്‍ തയാറാണെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
കേരളത്തില്‍ സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും, സിനിമ ഷൂട്ടിംഗിന് അനുമതി കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡി ഉള്‍പ്പടെ ഏഴ് ചിത്രങ്ങളുടെ ചിത്രീകരണം തെലങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും മാറ്റിയത്. അതേസമയം നല്ല സ്ഥലം ആണ് എങ്കില്‍ അവിടെ ചിത്രീകരണം നടക്കട്ടെ എന്നാണ് സിനിമാ മന്ത്രി സജി ചെറിയാന് ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പ് ആണ് ഇപ്പോള്‍ ഉയരുന്നത്. ആയിരക്കണക്കിന് സിനിമാ തൊഴിലാളികള്‍ക്ക് തൊഴില്‍ എടുക്കുവാനുള്ള അവസരം ആണ് ഇത് കാരണം നഷ്ടമാകുന്നത്.