കേരളത്തേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകള്‍ മാഹിയില്‍ ഉണ്ട് എന്ന വിമര്‍ശനവുമായി ഹൈക്കോടതി
സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളുടെ എണ്ണം താരതമ്യേന കുറവാണെന്ന് ഹൈക്കോടതി. ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. തൃശൂര്‍ കുപ്പം റോഡിലെ ബിവറേജസ് ഔട്ടലെറ്റമായി ബന്ധപ്പെട്ട കോടതിയലക്ഷ്യം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം. ബിവറേജസ് ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറവായ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് അന്തസോടെ മദ്യം വാങ്ങാന്‍ പര്യാപ്തമായ രീതിയില്‍ അവസരം നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് കാരണമായ കുപ്പം റോഡിലെ ഔട്ടലെറ്റും ഹൈക്കോടതിയ്ക്ക് സമീപമുള്ള വില്‍പ്പനശാലയും അടച്ചുപൂട്ടിയതായി ബെവ്കോ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ബാറുകള്‍ തുറന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള ഔട്ടലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകളും തുടങ്ങി. ഓണ്‍ലൈന്‍ പേമെന്റ് വഴി മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചതായും സര്‍ക്കാര്‍ കോടതി വ്യക്തമാക്കി. തിരക്കു കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതി സംതൃപ്തി പ്രകടമാക്കി. ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ കോടതി വിമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഔട്ട്ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നതായിരുന്നു ഇതില്‍ പ്രധാന നിര്‍ദേശം. നിലവില്‍ രണ്ടു കൗണ്ടറുകളുള്ള ഇടങ്ങളില്‍ ആറു കൗണ്ടറുകളാക്കിയാണ് ഉയര്‍ത്തേണ്ടത്. മദ്യവിതരണത്തിനായി ടോക്കണ്‍ സമ്പ്രാദായം ഏര്‍പ്പെടുത്തണം. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ സഹായം തേടണം. സാമൂഹിക അകലം രേഖപ്പെടുത്തി കൃത്യമായ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കുലറില്‍ പറഞ്ഞിരിയ്ക്കുന്നത്.