സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി നടപ്പിലാക്കി സര്‍ക്കാര്‍

സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് സ്ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്ത്രീധനത്തിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫിസറായും നിയമിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫിസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍ തസ്തിക ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്.

അതേസമയം, സര്‍വകലാശാലകളില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ത്രീധനം വാങ്ങില്ലെന്ന ബോണ്ട് എഴുതി വാങ്ങാന്‍ തീരുമാനിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ച് ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. സ്ത്രീധനം സ്ത്രീ വിഷയം മാത്രമല്ലെന്നും മാനുഷിക പ്രശ്നമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.