കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ; മരിച്ചവരുടെ എണ്ണം 11 ആയി
മധ്യപ്രദേശിലെ വിദിഷയില്‍ ആണ് ഇത്രയും വലിയ ദുരന്തം ഉണ്ടായത്. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 11 ആയി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ് ദാരുണ സംഭവം നടന്നത്. എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറിന്റെ മതില്‍ ഇടിഞ്ഞാണ് മുപ്പതോളം പേര്‍ കിണറ്റിലേക്ക് വീണത്. 19 പേരെ രക്ഷപ്പെടുത്താനായി. അമ്പത് അടിയോളം ആഴമുള്ള കിണറ്റില്‍ ഇരുപത് അടിയോളം വെള്ളമുണ്ടായിരുന്നു.
വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളില്‍ ചിലര്‍ കിണറ്റിലേക്ക് ഇറങ്ങി. ഈ സമയം കിണറിന് പുറത്ത് നിരവധിയാളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ കിണറ്റിന്റെ ആള്‍മറ തകര്‍ന്ന് വീഴുകയായിരുന്നു. ഇതോടെ കൂടി നിന്നവരെല്ലാം കിണറ്റിലേക്ക് വീണു. അതേസമയം, കിണറ്റില്‍ ആദ്യം വീണ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി വരെ പെണ്‍കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുക്കാനായിരുന്നില്ല. കിണറ്റിലേക്ക് വീണ അരമതിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലായിരുന്നു പെണ്‍കുട്ടി.
സംഭവസ്ഥലത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അഞ്ച് ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഒരുക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും താന്‍ നേരിട്ട് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ആഴ്ച്ച തന്നെ തമിഴ്‌നാട്ടിലും സമാനമായ സംഭവം നടന്നിരുന്നു. കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാല് പേരാണ് തമിഴ്‌നാട്ടില്‍ മുങ്ങിമരിച്ചത്. ഗുമ്മിടിപുണ്ടി ഗ്രാമത്തിലെ അങ്കലമ്മന്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളത്തിലായിരുന്നു സംഭവം. ക്ഷേത്രത്തില്‍ വസ്ത്രങ്ങള്‍ കഴുകാനെത്തിയ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയാണ് വെള്ളത്തില്‍ വീണത്. പെണ്കുട്ടിയെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികളും വെള്ളത്തിലേക്ക് ചാടി. എന്നാല്‍ നാല് പേരും മുങ്ങി മരിക്കുകയായിരുന്നു.