മാലിക്കിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു ബീമാ പള്ളിയിലെ പോലീസ് ഭീകരത

കഴിഞ്ഞ ദിവസം ഒടിടി വഴി റിലീസ് ആയ സിനിമയാണ് ഫഹദ് ഫാസില്‍ നായക വേഷത്തില്‍ എത്തിയ മാലിക്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘മാലിക്.’ മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് നിര്‍മ്മിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

റിലീസിന് മുന്‍പേ വാനോളം പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ റിലീസ് ആയപ്പോള്‍ ആരാധകരെ നിരാശരാക്കിയില്ല എന്നതാണ് സത്യം. തിരുവനന്തപുരത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. കൂടാതെ തലസ്ഥാന നഗരിയില്‍ അരങ്ങേയറിയ ചില സംഭവങ്ങളും ചിത്രം പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. മുഖ്യമായും ബീമാപ്പള്ളി വെടിവെപ്പ് ആണ് സിനിമയില്‍ റമദാന്‍ പള്ളി എന്ന തരത്തില്‍ കാണിച്ചിട്ടുള്ളത്. സിനിമയില്‍ വെടിവെപ്പിന് പിന്നില്‍ ഉള്ള രാഷ്ട്രീയക്കാരെ വെളുപ്പിച്ചു എങ്കിലും അവിടെ അരങ്ങേറിയ പോലീസിന്റെ കൂട്ടക്കുരുതി ലോകം വീണ്ടും ചര്‍ച്ചയാകാന്‍ സിനിമ കാരണമായി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് കടല്‍ത്തീരത്തോട് ചേര്‍ന്ന കിടക്കുന്ന വാര്‍ഡ്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഭൂരിഭാഗവും. അതില്‍ തന്നെ മുസ്ലിം സമുദയത്തില്‍പ്പെട്ടവരാണ് ജനസംഖ്യയില്‍ കൂടുതലും. മിക്ക കുടുംബങ്ങളുടേയും പ്രധാന വരുമാന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്. പ്രശസ്തമായ ബീമാപളളിയിലേയ്ക്കുളള വഴിയില്‍ ഇരുവശവുമായി നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം ദൂരമുളള ഇവിടേക്ക് വിവിധ മതസ്തരായ വിശ്വാസികളായ ആയിരക്കണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്. ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നായ ബീമാപ്പളളി ഉറൂസാണ് മറ്റൊരു ആകര്‍ഷണീയത. ഇവിടെയാണ് 2009 മേയ് 17 നു കേരളാ പൊലീസിന്റെ നരവേട്ട നടന്നത്.അന്ന് സംസ്ഥാനം ഭരിക്കുന്നത് വി എസ് അച്യുതാനന്ദന്‍. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ആറുപേരുടെ മരണത്തിനും 52 പേരുടെ ഗുരുതരമായ പരിക്കിനും ഇടയാക്കിയ വെടിവയ്പ്പ് കേരള ചരിത്രത്തില്‍ ഇതുവരെ നടന്നതില്‍ വച്ചേറ്റവും വലിയ പൊലീസ് വേട്ടയായിരുന്നു.

ഗള്‍ഫില്‍ നിന്നു ലീവിനെത്തി ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ ആക്കിയ ശേഷം കടപ്പുറത്തെത്തിയ ചെറുപ്പക്കാരന്‍ വരെ പൊലീസ് വെടിവയ്പ്പില്‍ മരിച്ചു. വെടിയേറ്റു മരിച്ചവര്‍ക്കൊപ്പം ആ നരനായാട്ടില്‍ ദുരിതം പേറി ജീവിക്കുന്നവര്‍ ഇന്നും ആ നൊമ്പരമാണ്. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ലഹള പിരിച്ചു വിടാന്‍ വേണ്ടിയാണു വെടി വെച്ചത് എന്ന് പോലീസ് പല തവണ പറഞ്ഞു എങ്കിലും അതല്ല സത്യം എന്ന് ലോകം മനസിലാക്കുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലും യാതൊരു ദയയും ഇല്ലാതെ വെടിവെച്ചു വീഴ്ത്താന്‍ ഉത്തരവ് നല്‍കിയ സര്‍ക്കാരിനെതിരെ ആരും പടവാള്‍ എടുത്തില്ല എന്നത് ശ്രദ്ധേയം. ഏറെ പേര്‍ക്കും മുതുകില്‍ ആണ് വെടി ഏറ്റത് എന്നത് തിരിഞ്ഞു ഓടിയവര്‍ക്ക് എതിരെ കണ്ണടച്ച് വെടിവെക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്നു.

കൊമ്പ് ഷിബു എന്ന ഗുണ്ടാനേതാവുമായുള്ള സ്ഥലവാസികളുടെ തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ഇവിടെ ഗുണ്ടാപിരിവ് അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഷിബു സമീപവാസികള്‍ക്കും വ്യാപാരികള്‍ക്കും സ്ഥിരം തലവേദനയായിരുന്നു. ഷിബുവിനെതിരെ ചില വ്യാപാരികള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. മെയ് 16ന് ബീമാപ്പളളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്സ് ചെറിയതുറയ്ക്ക് സമീപം ഷിബുവും സംഘവും തടഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയ ബീമാപ്പളളി സ്വദേശികളും, ഷിബുവിന് ഒപ്പം ഉണ്ടായിരുന്ന ഫിഷര്‍മെന്‍ കോളനിയിലെ തൊഴിലാളികളും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. എന്നാല്‍ പൊലീസും സ്ഥലം എംഎല്‍എയും അടക്കമുളളവര്‍ ഇടപെട്ട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി.

ഷിബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പിന്‍മേല്‍ വ്യാപാരികള്‍ അടക്കമുളളവര്‍ പിന്മാറി. എന്നാല്‍ തൊട്ടടുത്ത ദിവസവും ഷിബുവിനെ അറസ്റ്റ് ചെയ്യാത്തതിലുളള പ്രതിഷേധം അറിയിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നു. വെടിയൊച്ചയില്‍ വിറങ്ങലിച്ച് ചിതറി ഓടിയവരെ പിന്തുടര്‍ന്നും പൊലീസ് വെടിവെച്ചു. അഹമ്മദ് ഖാനി (50), ബാദുഷ (35), സയദ് അലവി (24),അബ്ദുള്‍ ഹക്കീം (27), ഫിറോസ് (16) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കന്നി ഹാജി (63) മെയ് 19ന് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും അന്നത്തെ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വെടിവെയ്പ്പില്‍ കാല്‍ നഷ്ടപ്പെട്ട നസീമുദ്ദിന് അഞ്ച് ലക്ഷവും, ഷംസുദ്ദീന് മൂന്ന് ലക്ഷവും നല്‍കാനും അന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പരുക്കേറ്റ മറ്റുളളവര്‍ക്ക് പരുക്കിന്റെ സ്വാഭാവമനുസരിച്ച് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്ന ധാരണയിലും രഹസ്യവും പരസ്യവുമായ പലതരം ഭീഷണികളും ചേര്‍ത്താണ് അന്ന് പ്രതിഷേധങ്ങളുടെ വാ സര്‍ക്കാരും സംവിധാനങ്ങളും ചേര്‍ന്ന് മൂടിക്കെട്ടിയത് എന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയത് എല്ലാം പാഴ്വാക്ക് ആയി.

2009 ഓഗസ്റ്റില്‍ തന്നെ ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്‍ അധ്യക്ഷനായ കമ്മീഷന്‍ നിലവില്‍ വന്നു. സംഭവ സമയത്തെ ജില്ലാ കലക്ടര്‍, മന്ത്രി, ഡിജിപി എന്നിവരടക്കം നിരവധി പേരില്‍ നിന്നും തെളിവ് ശേഖരിച്ച കമ്മീഷന്‍ 60 സാക്ഷികളേയും വിസ്തരിച്ചു. ചെറിയതുറയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കാനുളള ആസൂത്രിത ശ്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് വെടിവെച്ചത് എന്നായിരുന്നു പൊലീസ് ഭാഷ്യം. സംഭവത്തിന് തൊട്ടു പിന്നാലെ വെടിവെയ്പ്പിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.ഷറഫുദ്ദീനെ സസ്പെന്‍ഡ് ചെയ്തെങ്കിലും ഉടന്‍ തന്നെ തിരിച്ചെടുത്തു. പിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരും കേസിനു വലിയ പ്രാധാന്യം നല്‍കിയില്ല. കുറ്റക്കാരെ കണ്ടു പിടിക്കാതെ പുതിയ തെളിവുകള്‍ കൊണ്ട് വന്നു ഒരു സമൂഹത്തിനെ തന്നെ മാനം കെടുത്തുന്ന തരത്തിലാണ് പിന്നീട് സംഭവങ്ങള്‍ അരങ്ങേറിയത്.

2012 ജനുവരി നാലിന് കെ.രാമകൃഷ്ണന്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമായ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് പുറത്തുവിടും എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ആ റിപ്പോര്‍ട്ട് ഇന്നും അധികാരത്തിന്റെ ഇടനാഴികളില്‍ പൊടിപിടിച്ച് ഉറങ്ങുകയാണ്. ഇതിനിടെ സര്‍ക്കാരിന് ഉള്‍വിളിയുണ്ടായി. ഈ സംഭവത്തില്‍ വിദേശബന്ധമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. അങ്ങനെ ഗുണ്ടയെ പിടിക്കാനിറങ്ങിയെന്ന പൊലീസ് വാദം അവസാനം വിദേശ ഗൂഢാലോചനയിലെത്തി, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സംഭവത്തിലെ വിദേശ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തി. പക്ഷേ മതിയായ തെളിവുകള്‍ ലഭിക്കാതെ കേന്ദ്ര സംഘവും അന്വേഷണം അവസാനിപ്പിച്ചു. ഗുണ്ടയെ പിടിക്കാനെത്തിയ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ ആറ് പേരുടെ കാര്യത്തില്‍ വിദേശ ഗൂഢാലോചന എന്ന സര്‍ക്കാര്‍ സിദ്ധാന്തം പൊളിഞ്ഞു. സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരവും ജുഡീഷ്യല്‍ കമ്മീഷനും പ്രഖ്യാപിച്ച ശേഷമാണ് ഇത്തരമൊരു പ്രഹസനം നടത്തിയതെന്ന വിമര്‍ശനം ഉയര്‍ന്നു.

ബീമാപള്ളി വെടിവെപ്പ് കൂടാതെ സിനിമയില്‍ തിരുവനന്തപുരം നിവാസികള്‍ക്ക് ഓര്‍മ്മപ്പെടുത്തലായി വന്ന രംഗം അപ്പാനി രവിയെ ബോംബ് എറിഞ്ഞു കൊല്ലുന്ന രംഗമാണ്. തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിനു മുന്നില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആയ എല്‍.ടി.ടി.ഇ. കബീര്‍ എന്നറിയപ്പെടുന്ന കബീറിനെ ബോംബ് എറിഞ്ഞു കൊന്ന സംഭവം ആണ് വേറൊരു രീതിയില്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത്. 1999 ജൂലായ് 17-ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബോംബേറില്‍ കബീര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ടു പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു. കരാട്ടെ ഫാറൂഖ് അനില്‍ ദാസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.റിട്ടേർട്ട് ആയ ഒരു പോലീസുകാരനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെട്ടുത്തിയ കേസിൽ ജയിലേയ്ക്ക് കൊണ്ട് പോകുന്ന വഴിയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ കബീറിന്റെ തല ചിന്നിച്ചിതറുകയായിരുന്നു.