80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; നിലപാട് തിരുത്തി സതീശന്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിനുള്ളില്‍ രണ്ടു പക്ഷം. ഇതിനെ അനുകൂലിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നു എങ്കിലും. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് എതിര്‍പ്പു രേഖപ്പെടുത്തി. യുഡിഎഫ് നിര്‍ദ്ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാറിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അഭിപ്രായങ്ങളും മുന്നോട്ടു വയ്ക്കുകയാണ് ഉണ്ടായത്. നിലവിലെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാന്‍ പാടില്ല എന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു വിഭാഗങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് വേണമെന്ന അഭിപ്രായം സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് വെച്ചു. ഇതു രണ്ടും അംഗീകരിക്കപ്പെട്ടു. ഉത്തരവില്‍ പല ന്യൂനതകളും ഉണ്ട്. ഈ ന്യൂനതകള്‍ പരിഹരിക്കപ്പെടണം. മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും’- സതീശന്‍ പറഞ്ഞു.
എന്നാല്‍ മുസ്ലിം വിഭാഗത്തിന് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല എന്ന വി ഡി സതീശന്റെ പ്രസ്താവന എതിര്‍പ്പുകള്‍ക്ക് കാരണമായി. ഇതിനെ തള്ളിപ്പറഞ്ഞ് മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. കാര്യങ്ങള്‍ അറിയാതെയാണ് സതീശന്‍ പ്രതികരിക്കുന്നത് എന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. സര്‍ക്കാര്‍ ഉത്തരവിലൂടെ വലിയ നഷ്ടമാണ് മുസ്ലിം വിഭാഗങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ല എന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.മുസ്ലിംലീഗ് കടുത്ത നിലപാട് വ്യക്തമാക്കിയതോടെ വിഡി സതീശന്‍ നിലപാട് വിശദീകരിച്ചു. മുസ്ലിംലീഗ് പറഞ്ഞ അഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കണം എന്ന് തന്നെയാണ് താനും പറഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു . മുസ്ലിം സമുദായത്തിന് സര്‍ക്കാര്‍ ഉത്തരവില്‍ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നും വി ഡി സതീശന്‍ തിരുത്തി. മുസ്ലിം സമുദായത്തിന് മാത്രമായി ഉണ്ടായിരുന്ന ഒരു പദ്ധതി നിര്‍ത്തലാക്കിയത് നഷ്ടമാണ് എന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതായി വി ഡി സതീശന്‍ വിശദീകരിക്കുന്നു. തന്റെ പ്രസ്താവന എന്ത് എന്ന് ഇ ടി മുഹമ്മദ് ബഷീറിന് മനസ്സിലായിട്ടുണ്ടാവില്ല എന്നും വിഡി സതീശന്‍ പറഞ്ഞു.
മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന താനുമായി ആലോചിച്ചശേഷം കൂടിയാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചതായി വി ഡി സതീശന്‍ പറഞ്ഞു. ഇത്തരം ആലോചനകള്‍ക്ക് ശേഷമാണ് മുസ്ലിം ലീഗ് പ്രതികരണം നടത്തിയത്. ഇത്തരം ആലോചനകളെ കുറിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് സംവരണം കൊണ്ടുവരാനുള്ള ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്തിരുന്നു. യുഡിഎഫില്‍ പല പാര്‍ട്ടികള്‍ക്കും പല അഭിപ്രായമാണുള്ളത് എന്നര്‍ത്ഥം.