ഓര്‍മ നഷ്ടപ്പെട്ട മകന്‍ ആകെ തിരിച്ചറിയുന്നത് നടന്‍ വിജയിയെ എന്ന് പ്രസിദ്ധ ചലച്ചിത്ര താരം നാസര്‍

ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് നാസര്‍. തമിഴ് മലയാളം എന്നിങ്ങനെ മിക്ക ഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ച അദ്ദേഹം തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്യെ പറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം ഇപ്പോള്‍ വൈറല്‍ ആണ്. നടന്‍ വിജയ്ക്ക് തന്റെ കുടുംബത്തോടുള്ള വൈകാരികമായ ബന്ധം പങ്കുവയ്ക്കുകയാണ് നടന്‍ നാസര്‍. ഓര്‍മ നഷ്ടപ്പെട്ട മകന്‍ ആകെ തിരിച്ചറിയുന്നത് വിജയ്യെ ആണെന്നും മകന്റെ ജന്മദിനത്തില്‍ വിജയ് പതിവായി എത്താറുണ്ടെന്നും നാസര്‍ പറയുന്നു. സംവിധായകനും നടനുമായ മനോബാലയുമായുള്ള ഒരു അഭിമുഖത്തിലാണ് നാസര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു അപകടത്തെ തുടര്‍ന്നാണ് തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് ഓര്‍മ നഷ്ടപ്പെട്ടതെന്ന് നാസര്‍ പറയുന്നു. വിജയ്യുടെ വലിയ ആരാധകനായിരുന്നു അവന്‍. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. ആകെ ഓര്‍മയുള്ളത് വിജയ്യെ മാത്രമാണ്. വിജയ് എന്ന് പറഞ്ഞ് എപ്പോഴും ബഹളം വയ്ക്കും. കൂട്ടുകാരന്‍ വിജയ്യുടെ കാര്യമാകും പറയുന്നതെന്നാണ് തങ്ങള്‍ കരുതിയിരുന്നത്. പിന്നീടാണ് അത് സിനിമാ താരമായ വിജയ് ആണെന്ന് മനസിലായത്. വിജയ്യുടെ പാട്ടു വച്ചപ്പോഴാണ് അവന്‍ ശാന്തനായത്. വീട്ടില്‍ എപ്പോഴും വിജയ്യുടെ പാട്ടുകളാണ് വയ്ക്കുന്നതെന്നും നാസര്‍ പറഞ്ഞു.

വിജയ്യെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. വൈകാരികമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോള്‍ മകന്റെ ജന്മദിനത്തില്‍ പതിവായി അദ്ദേഹം എത്താറുണ്ട്. മകന് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ഇപ്പോഴും മകന്‍ സാധരണ നിലയില്‍ ആയിട്ടില്ല എന്നും എന്നാല്‍ വിജയ്യെ മാത്രമാണ് തിരിച്ചറിയുന്നത് എന്നും നാസര്‍ പറയുന്നു. അഭിനയത്തിന് പുറമേ എളിമകൊണ്ടും പെരുമാറ്റം കൊണ്ടും ജനഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് വിജയ്. സമാനമായ രീതിയില്‍ ജന്മനാ ചലനശേഷിയും സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ട സെബാസ്റ്റ്യന്‍ എന്ന കുഞ്ഞിന് പുതിയ ജീവിതത്തിലേക്ക് എടുത്തുയര്‍ത്തിയത് വിജയ് എന്ന നടനോടുള്ള ഇഷ്ടം ആയിരുന്നു എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു.