കേരളത്തിലെ സിനിമാ ഷൂട്ടിംഗ് വൈകും ; തുടങ്ങിയ ഷൂട്ടിങ് നിര്‍ത്തിവെച്ചു
സര്‍ക്കാര്‍ അനുമതി നല്‍കി എങ്കിലും സംസ്ഥാനത്ത് സിനിമാ ഷൂട്ടിംഗ് വൈകുമെന്ന് വിവരം. പീരുമേട്ടില്‍ തുടങ്ങിയ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ സിനിമാ സംഘടനകള്‍ നിര്‍ദേശിച്ചു. പൊതുമാനദണ്ഡം തയാറാക്കും മുന്‍പേ ചിത്രീകരണം തുടങ്ങിയതിനാലാണ് സംഘടനയുടെ ഇടപെടല്‍. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ ആരംഭിച്ച ഷൂട്ടിങ് ആണ് പീരുമേടില്‍ നിര്‍ത്തിവച്ചത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നടന്നിരുന്നത്. സിനിമാ സംഘടനകള്‍ യോഗത്തിന് ശേഷമായിരുന്നു ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിയന്ത്രണങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് തൊട്ടുപിന്നാലെ നിരവധി ചിത്രങ്ങളാണ് ഷൂട്ടിംഗിനായി തയാറാകുന്നത്. കേരളം വിട്ട ചിത്രങ്ങളും ഉടന്‍തന്നെ ഷൂട്ടിംഗിനായി കേരളത്തില്‍ എത്തും. തെലുങ്കാനയിലെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റും എന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ എതിരെ തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തി. തീയറ്റര്‍ അടച്ചിട്ടിരിക്കുന്ന സമയത്തും നികുതിയുടെ പേരില്‍ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് തിയറ്ററുടമകള്‍ കുറ്റപ്പെടുത്തി.