കനത്ത മഴയും മണ്ണിടിച്ചിലും മുംബൈയില്‍ മരിച്ചവരുടെ എണ്ണം 23 ആയി

മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുകളില്‍ മരിച്ചവരുടെ എണ്ണം 23 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെമ്പൂരിലെ ഭരത് നഗറില്‍ മണ്ണിനടിയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുള്ളതായി രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ ഇതുവരെ 16പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിക്രോളി പ്രദേശത്തുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

പലപ്രദേശങ്ങളിലും വീടുകളും വാഹനങ്ങളും വെള്ളത്തിനടയിലാണ്. ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. വെള്ളക്കെട്ടുകള്‍ ഉണ്ടായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചുനബത്തി, സായന്‍, ദാദര്‍, ചെമ്പൂര്‍, ഗാന്ധി മാര്‍ക്കറ്റ്, കുര്‍ള എല്‍ ബി എസ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷം. ഇവിടങ്ങളില്‍ ചരക്കുലോറികള്‍ വരെ വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ രാത്രിയാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് പി എം എന്‍ ആര്‍ ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. മരിച്ചവരുടെ അവകാശികള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.