കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളുമായി കര്‍ണാടക ; കോളേജ് , തിയറ്ററുകള്‍ എന്നിവ തുറക്കും

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ പത്തൊമ്പത് മുതല്‍ കര്‍ണാടകയില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 26 മുതല്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ക്കായി കോളേജുകള്‍ തുറക്കാനാണ് അനുമതി. വിദ്യാര്‍ഥികളും അധ്യാപകരും ഒരു തവണയെങ്കിലും കോവിഡ് വാക്സിന്‍ എടുത്തിരിക്കണമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പകുതി പേര്‍ക്കായി തിയറ്ററുകള്‍ തുറക്കാനും അനുമതി നല്‍കി.

രാത്രികാല കര്‍ഫ്യൂവിലും ഇളവ് അനുവദിക്കും. നിലവില്‍ രാത്രി ഒമ്പതുമണി മുതല്‍ രാവിലെ അഞ്ചുവരെയാണ് രാത്രി കര്‍ഫ്യൂ. ഇത് രാത്രി പത്തുമുതലാക്കും. തിങ്കളാഴ്ച മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്റെ മുന്നറിയിപ്പുകള്‍ വിദഗ്ധര്‍ നല്‍കിയിരുന്നു. ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് മൂന്നാം തരംഗം പിടിമുറുക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.