കെ രാധാകൃഷ്ണനു പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്ത് ; രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്

മുന്‍ എം.പി എ സമ്പത്തിനെ മന്ത്രി കെ രാധാകൃഷ്ണനു പ്രൈവറ്റ് സെക്രട്ടറിയായി നിയമച്ചിതില്‍ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. കെ രാധാകൃഷ്ണന് ‘ഷാഡോ മിനിസ്റ്ററാ’യി എ സമ്പത്തിനെ നിയമിച്ചത് മന്ത്രിയുടെ കഴിവിനെയും പ്രാപ്തിയെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ഫേസ്ബുക്കില്‍ കുറിച്ചു. ഒന്നാം കോവിഡ് തരംഗം ഉണ്ടായപ്പോള്‍ കേന്ദ്രത്തില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന എ സമ്പത്ത്, ഡല്‍ഹിയില്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കെ തിരുവനന്തപുരം വിട്ടുപോകാതെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട ആളാണ്. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ആര്‍ക്കും സഹായമൊന്നും ലഭിച്ചിരുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

കെ രാധാകൃഷ്ണന്റെ റിമോട്ട് കണ്‍ട്രോളായിട്ടാണോ പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റിയ എ സമ്പത്തിനെ ഓഫീസില്‍ നിയമിച്ചതെന്നും കൊടിക്കുന്നില്‍ ചോദിച്ചു. സമ്പത്തെന്ന സി.പി.എം വെള്ളാനയെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്തു കാരണത്താലാണെന്ന് സി.പി.എം അണികള്‍ തന്നെ ചോദിച്ചു തുടങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ ഓഫീസില്‍ ‘സൂപ്പര്‍ മന്ത്രി’യായി സമ്പത്തിനെ നിയമിച്ചത് ദലിതരോടുള്ള അവഹേളനമാണ്. സി.പി.എമ്മിന്റെ ദലിത് സ്നേഹം കേവലം തൊലിപ്പുറത്ത് മാത്രമുള്ളതാണെന്ന് കുറ്റപ്പെടുത്തിയ കൊടിക്കുന്നില്‍ സുരേഷ്, കെ രാധാകൃഷ്ണന്റെ ഭരണമികവിലും സ്വത്വത്തിലും കഴിവിലും സി.പി.എമ്മിന് വിശ്വാസമില്ലെന്നും കൂട്ടിച്ചേര്‍ത്തു.