കാല്‍മുട്ടിന് പരിക്കേറ്റു ; സഞ്ജുവിന് ഏകദിന പരമ്പര നഷ്ടമാകാന്‍ സാധ്യത

കാല്‍മുട്ടിനേറ്റ പരിക്ക് മൂലം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഏകദിന പരമ്പര നഷ്ടമായേക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. നിലവില്‍ സഞ്ജുവിന്റെ പരിക്ക് ടീമിന്റെ മെഡിക്കല്‍ സംഘം വിലയിരുത്തുകയാണ്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ജുവിന് ഈ പരമ്പര കളിക്കാനാകുമോ എന്ന് തീരുമാനിക്കുക. സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയിട്ട് നാളെ 7 വര്‍ഷം പൂര്‍ത്തിയാകും.

സിംബാവേക്കെതിരേയുള്ള ട്വന്റി-20യില്‍ ഹരാരെ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ആ അരങ്ങേറ്റം. അതിലെ ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുത എന്താണെന്ന് വച്ചാല്‍ ഈ ഏഴുവര്‍ഷ കാലയളവില്‍ വെറും 7 പ്രാവശ്യം മാത്രമാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സജീവമായി ക്രിക്കറ്റില്‍ നിന്നിട്ടും ഇത്രയും വലിയ കാലയളവില്‍ ഏഴ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം കളിക്കാനന്‍ സാധിച്ചത്. 2013 ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു ഇതുവരെ 28.9 ശരാശരിയില്‍ 3 സെഞ്ച്വറികളുടെ അകമ്പടിയോടെ 2861 റണ്‍സാണ് നേടിയത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ് സഞ്ജു.