അര്‍ജുന്‍ ആയങ്കി വളര്‍ന്നു വരുന്ന ക്രിമിനല്‍’ ; ജാമ്യം നല്‍കരുത് എന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കിയാല്‍ രാജ്യത്തെ വലിയ കുറ്റവാളിയായി മാറിയേക്കാമെന്ന് കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷയെ എതിര്‍ത്തു കസ്റ്റംസ് നടത്തിയ വാദത്തിലാണ് അഭിഭാഷകന്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അര്‍ജുന് ജാമ്യം നല്‍കിയാല്‍ അത് വലിയ കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്നും കസ്റ്റംസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നിലവിലെ തെളിവുകള്‍ കൂടി കണക്കിലെടുക്കണമെന്നും കോടതിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടു.

അര്‍ജുന്‍ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തിട്ടുണ്ട്. അറസ്റ്റിലായ അജ്മലിന്റെ മൊഴിയില്‍ അര്‍ജുന്റെ പങ്ക് വ്യക്തമാണ്. ഇക്കാര്യങ്ങള്‍ക്കായി അര്‍ജുന് നിരവധി ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഭാര്യ അമലയുടെ മൊഴിയും അര്‍ജുന് എതിരാണെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജുന നേരത്തെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതെല്ലാം വീട്ടിലെ ബന്ധുക്കള്‍ ഇടപെട്ടാണ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അമല നല്‍കിയ മൊഴിയിലുണ്ട്. നേരത്തെ മൊഴി നല്‍കിയ ഡി വൈ എഫ് ഐ മുന്‍ മേഖലാ സെക്രട്ടറി സജേഷ് , അര്‍ജുന്റെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയും അര്‍ജുനെതിരാണ്.കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിനു ഇല്ലെന്നാണ് അര്‍ജുന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം. അര്‍ജുന്‍ ഉള്‍പ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.