ഫോണ്‍ ചോര്‍ത്തല്‍ ; പാര്‍ലമെന്റിനെ പ്രതിഷേധത്തില്‍ മുക്കി പ്രതിപക്ഷം

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിനു പുറമേ കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ച, ഇന്ധന വില വര്‍ധനവ് എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലുമാണ് അടിയന്ത പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ‘പെഗാസസ് എന്ന ഇസ്രായേലി ചാര സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി പുറത്തു വന്നിരുന്നു. ഇത് ഞെട്ടിക്കുന്നതാണ്.

കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ഭരണകൂടം അറിയാതെ ചോര്‍ത്തുക എളുപ്പമാണോ? ഈ വിഷയത്തിലെ അട്ടിമറി സാധ്യതകള്‍ ഗൗരവമേറിയതാണ്. ഭരണകൂടത്തിന് താല്പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടത് എന്ന കാര്യം രാജ്യത്തിന്റെ അഖണ്ഡതയുടെയും ജനാധിപത്യത്തിന്റെയും പാരമ്പര്യത്തിന് നിരക്കാത്തതാണ്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ ഈ സര്‍ക്കാരിന് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്ന് വ്യക്തമാക്കണം.’ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തിര പ്രമേയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് ഒടുവില്‍ ലോക് സഭയും രാജ്യസഭയും നിര്‍ത്തിവെക്കേണ്ടി വന്നു. ലോക്‌സഭയില്‍ പ്രധാനമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു.

രാജ്യത്ത് തുടരുന്ന കര്‍ഷക സമരം, ദിനംപ്രതിയുള്ള ഇന്ധന വിലവര്‍ധനവ്, കോവിഡ് പ്രതിരോധ രംഗത്തെ പാളിച്ച, ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം തുടങ്ങിയ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്തി വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധന ജനങ്ങളെ വളരെയധികം ദുരിതത്തിലാക്കുന്നതാണെന്നും ഉടനടി സഭ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഇന്ധന വിലവര്‍ധനവും പാചകവാതക വിലവര്‍ധനവും നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.