രാജ്യത്ത് ഇതവരെ 40 കോടി പേര്‍ ബാഹുബലിയായി എന്ന് നരേന്ദ്ര മോദി
‘കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ ‘ബാഹുബലി’യാകും’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇതുവരെ 40 കോടി ജനങ്ങളാണ് കോവിഡിനെതിരെ പോരാടാന്‍ ബാഹുബലിയായതെന്ന് പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയയിരുന്നു പ്രധാനമന്ത്രി. പാര്‍ലമെന്റില്‍ രൂക്ഷമായ, മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നാണ് തനിക്ക് എല്ലാ എംപിമാരോടും പറയാനുള്ളത്. അതോടൊപ്പം അവയ്ക്ക് സമാധാനപരമായി മറുപടി പറയാനുള്ള അവസരവും സര്‍ക്കാരിന് നല്‍കണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കും, പൊതുജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, വികസനത്തെ മുന്നോട്ടുനയിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
വാക്‌സിന്‍ ഉദ്യമം ഇനിയും മുന്നോട്ടുകൊണ്ടുപോകണം. മഹാമാരി ഈ ലോകത്തെ മുഴുവന്‍ കീഴടക്കിയിരിക്കുകയണ്. ഇങ്ങനൊരു സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ നടക്കണം’ മോദി പറഞ്ഞു. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് പുറമെ എല്ലാവരും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. അതേസമയം പെഗാസസ് ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്റില്‍ പുകയുകയാണ്. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ഇരു സഭകളും നിര്‍ത്തിവെച്ചു. ഉച്ചക്ക് സഭ വീണ്ടും ആരംഭിക്കും. ചര്‍ച്ചകളില്‍ കോവിഡ് പ്രതിരോധത്തിനും അതിനുള്ള നിര്‍ദേശങ്ങള്‍ക്കുമായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. പുതിയ കാഴ്ചപ്പാടോടെ സര്‍ക്കാരിന്റെ പോരായ്മകള്‍ തിരുത്തുന്നതിന് എല്ലാ എംപിമാരും കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കണം.
കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാളെ നടക്കുന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു.