ടിപിയുടെ മകനെ വധിക്കുമെന്ന് കാണിച്ചു ഭീഷണി കത്ത്

ഫയൽ ചിത്രം

കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമ കത്ത്. കഴിഞ്ഞ ദിവസമാണ് വടകര എംഎല്‍എ കെ കെ രമക്ക് മകനെയും ആര്‍ എം പി നേതാവ് എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്ന് കാണിച്ചു കത്ത് ലഭിച്ചത്. രമയുടെ എംഎല്‍എ ഓഫിസിന്റെ അഡ്രസിലായിരുന്നു കത്ത്. കത്ത് ലഭിച്ചതിന് പിന്നാലെ എന്‍ വേണു ഇത് സംബന്ധിച്ച് റൂറല്‍ എസ് പിക്ക് പരാതി നല്‍കി. പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങള്‍ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീര്‍ക്കും. കെകെ രമയ്ക്ക് സ്വന്തം മകനെ അധികം വളര്‍ത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡില്‍ ചിതറിക്കുമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികള്‍. അഭിനന്ദിന്റെ തല തെങ്ങിന്‍ പൂക്കുല പോലെ ചിതറുo. റെഡ് ആര്‍മി കണ്ണൂര്‍/ പിജെ ബോയ്‌സ് എന്ന പേരിലാണ് കത്ത്.

കത്തിനെ സംബന്ധിച്ചുള്ള അന്വേഷണം എത്തി നില്‍ക്കുന്നത് കോഴിക്കോട് മിഠായി തെരുവിലാണ്. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. തിരക്കേറിയ തെരുവിലെ ഒരു മൂലയില്‍ അധികം ആരുടെയും ശ്രദ്ധയില്‍പ്പെട്ടാത്ത വിധത്തിലാണ് പോസ്റ്റ് ബോക്‌സ് സ്ഥാപിച്ചിരിക്കുന്നത്. സംഭവം വാര്‍ത്തയില്‍ ഇടം പിടിച്ചതോടെയാണ് സമീപത്ത് വ്യാപാരം നടത്തുന്ന കച്ചവടക്കാര്‍ പോലും ഇങ്ങനെ ഒരു സംവിധാനം ഇവിടെ ഉണ്ടെന്നകാര്യം അറിയുന്നത്. തിരക്കേറിയ മിഠായി തെരുവിലെ പോസ്റ്റ് ബോക്‌സില്‍ കത്ത് നിക്ഷേപിച്ചാല്‍ തിരിച്ചറിയില്ലെന്ന ചിന്തയാവാം ഈസ്ഥലം തെരഞ്ഞെടുക്കുവാന്‍ കാരണം.

പക്ഷേ തെളിവായി തലയ്ക്ക് മുകളില്‍ ക്യാമറ ഉണ്ടെന്ന കാര്യം കത്ത് നിക്ഷേപിക്കുവാന്‍ എത്തിയവര്‍ കരുതിയിട്ടുണ്ടാവില്ല. പോസ്റ്റ് ബോക്‌സിന് സമീപത്തായി നിരവധി ക്യാമറകളാണ് തെരുവിലെ വിവിധ ദിശകളെ ലക്ഷ്യമാക്കി സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ തന്നെയാണ് കത്ത് നിക്ഷേപിച്ചതെങ്കില്‍ ക്യാമറ കണ്ണുകളിലുടെ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തുവാന്‍ വലിയ പാടുണ്ടാവില്ല. അതിന് നേരായ അന്വേഷണമാണ് ആവശ്യമെന്നു രമ പറയുന്നു.