പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു ; വീണ്ടും വിവാദത്തില്‍ കുടുങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍
പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു വിവാദത്തില്‍ കുടുങ്ങി വനംമന്ത്രി എ കെ ശശീന്ദ്രന്‍. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജെ. പത്മാകരനെതിരായ പരാതിയിലാണ് ഇടപെടല്‍. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. എ. കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോണ്‍ കോള്‍ എത്തിയത്. മന്ത്രി എ. കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാര്‍ട്ടിയില്‍ ഒരു പ്രശ്നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാര്‍ട്ടിയില്‍ പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്.
തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസാണ് മന്ത്രി തീര്‍പ്പാക്കാന്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോള്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുന്നുണ്ട്. നല്ല രീതിയില്‍ എന്നു പറഞ്ഞാല്‍ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്. സംഭവം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സമയത്തു മുതല്‍ ആരംഭിച്ച തര്‍ക്കമാണ് ഈ വിഷയത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍ പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു.
അതിനുശേഷം പെണ്‍കുട്ടി പരാതിയില്‍ പറയുന്ന എന്‍സിപി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് കൈയില്‍ പിടിച്ചു വിളിച്ചുകയറ്റി എന്നാണ് പരാതി. കഴിഞ്ഞ 28ാം തീയതിയാണ് ഈ പരാതി കുണ്ടറ പൊലീസില്‍ നല്‍കിയത്. എന്നാല്‍ വിഷയം പഠിക്കട്ടെയെന്നായിരുന്നു കുണ്ടറ പൊലീസിന്റെ നിലപാട്. ഇതോടെ പെണ്‍കുട്ടി സിറ്റി പൊലീസില്‍ അടക്കം പരാതി നല്‍കി. എന്നിട്ടും ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടയിലാണ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കുടുംബ പ്രശ്നമാണെന്നും ഇരുകൂട്ടരും പാര്‍ട്ടിക്കാരാണെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരണമാണ് മന്ത്രി വിളിച്ചതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.
അതേസമയം അത് തന്റെ ഫോണ്‍ സംഭാഷണം തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ഇടപെട്ട രണ്ട് നേതാക്കളും തന്റെ പാര്‍ട്ടിക്കാരായതിനാല്‍ ഇടപെടേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.