നീലച്ചിത്ര നിര്‍മാണവും വിതരണവും ; ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്ര ആണ് അശ്ലീല ചിത്ര നിര്‍മാണ കേസില്‍ മുംബൈ പൊലീസിന്റ് പിടിയിലായത്. കേസിലെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്നാണ് പൊലീസ് പറയുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. അശ്ലീല ചിത്രം നിര്‍മിക്കുകയും വിവിധ ആപ്പുകളില്‍ അത് പ്രചരിപ്പിച്ചു എന്നുമാണ് കേസ്. സംഭവത്തില്‍ രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുംബൈ പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.

ബോളിവുഡ് നടിമാരായ പൂനം പാണ്ഡെയ്ക്കും ഷെര്‍ലിന്‍ ചോപ്രയ്ക്കും കേസുമായി ബന്ധമുണ്ട് . മഹാരാഷ്ട്ര സൈബര്‍ സെല്ലിന് മുമ്പാകെയാണ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ മൊഴി നല്‍കിയിരുന്നത്. രാജ് കുന്ദ്രയുടെ കമ്പനിക്കു വേണ്ടി 15-20 പ്രോജക്ട്രുകള്‍ ചെയ്തു എന്നാണ് ഷെര്‍ലിന്‍ മൊഴി നല്‍കിയിരുന്നത്. ഓരോ പ്രോജക്ടിനും മുപ്പത് ലക്ഷം രൂപ വീതമാണ് കിട്ടിയത്. രാജ് കുന്ദ്രയുടെ കമ്പനി ആംസ്പ്രൈം മീഡിയയുമായി തനിക്ക് കോണ്‍ട്രാക്ട് ഉണ്ടായിരുന്നതായി പൂനം പാണ്ഡെയും വെളിപ്പെടുത്തിയിരുന്നു. പാണ്ഡെയുടെ അഡല്‍റ്റ് ആപ്പ് കൈകാര്യം ചെയ്തിരുന്നത് ആസ്പ്രൈം മീഡിയയായിരുന്നു. എട്ടു മാസങ്ങള്‍ക്ക് മുമ്പ് കരാര്‍ അവസാനിച്ചിട്ടും തന്റെ വീഡിയോ ദൃശ്യങ്ങള്‍ കമ്പനി ഉപയോഗിക്കുന്നതായി അവര്‍ ആരോപിച്ചിരുന്നു. 2020ല്‍ കമ്പനിക്കെതിരെ നടി പൊലീസില്‍ പരാതി നല്‍കി.

നടിയും മോഡലുമായ പൂനം പാണ്ഡേ രാജ് കുന്ദ്രയ്ക്കും സഹായികള്‍ക്കുമെതിരെ ബോംബെ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കുന്ദ്രയും കൂട്ടാളികളും തന്റെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്നും അവരുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും പൂനംപാണ്ഡേ നല്‍കിയ കേസില്‍ പറയുന്നു. എന്നാല്‍ പൂനം പാണ്ഡേയുടെ ആരോപണങ്ങള്‍ രാജ് കുന്ദ്രയും സഹായി സൗരഭ് കുശ്വവയും തള്ളിയിരുന്നു. തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഇരുവരും അറിയിച്ചിരുന്നത്. ജെഎല്‍ സ്ട്രീം ആപ്പിന്റെ ഉടമയാണ് രാജ് കുന്ദ്ര. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമകളില്‍ ഒന്നാണ് ജെഎല്‍ സ്ട്രീം. 2013 ല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. 2009 ലാണ് നടി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കുന്ദ്രയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ല്‍ ഇവര്‍ക്ക് ആദ്യത്തെ മകന്‍ ജനിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ഒരു മകള്‍ കൂടി ജനിച്ചത്.