അനന്യയുടെ മരണം ; സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്. അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അനന്യയുടെ മരണത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗം ജൂലൈ 23 ന് നടക്കും. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കും. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു. അതേസമയം അനന്യയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാവുകയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ചോദ്യംചെയ്യും. സംഭവത്തില്‍ അനന്യയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ ”രണ്ടു മൂന്ന് ആഴ്ചയായി ഞങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ട്. ബുദ്ധിമുട്ടുകളും കാര്യങ്ങളുമൊക്കെ നേരത്തെ സംസാരിച്ചിരുന്നു. വീടുമാറുന്ന കാര്യമൊക്കെ പറഞ്ഞു. ആശുപത്രി കേസാണ് പ്രധാനമായി പറഞ്ഞത്.

ജോലിക്ക് പോകാന്‍ പറ്റുന്നില്ല. ഇത്രയും രൂപ ചെലവാക്കി. പക്ഷേ പ്രതീക്ഷക്കൊത്ത് ഒന്നും ചെയ്യാനാവാത്തതിന്റെ സങ്കടം അനന്യ പറഞ്ഞു. ആശുപത്രി അധികൃതര്‍ കയ്യേറ്റം ചെയ്തപ്പോള്‍ അനന്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നിയമ നടപടി സ്വീകരിക്കണമെന്നൊക്കെ പറഞ്ഞു. അതിന്റെ പുറകെ പോകാന്‍ ആരുവരുമെന്ന് ഞാന്‍ ചോദിച്ചു. പോട്ടെ എന്നൊക്കെ ഞാന്‍ സമാധാനപ്പെടുത്തിയതാ. ഞാന്‍ കണ്ടും കേട്ടും നില്‍ക്കുകയായിരുന്നില്ലേ ആശുപത്രിയില്‍? 8 ദിവസം ഉറക്കമിളച്ചല്ലേ ഞാനെന്റെ കുഞ്ഞിന്റെ കൂടെ നിന്നത്’- അനന്യയുടെ പിതാവ് പറയുന്നു

കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ലാറ്റിലാണ് അനന്യയെ ഇന്നലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനന്യ നേരത്തെ ആരോപിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അനന്യ പറയുകയുണ്ടായി.