വിവാഹം നിയമവിരുദ്ധം , പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫയ്ക്ക് എതിരെ ആദ്യ ഭാര്യ രംഗത്ത്

പ്രമുഖ സിനിമാ താരം പ്രിയാമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹത്തെ ചോദ്യം ചെയ്ത് മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്ത്. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ആദ്യ ഭാര്യയുടെ ആരോപണം. തെന്നിന്ത്യന്‍ താരം പ്രിയാമണിയും മുസ്തഫയും 2017ലാണ് വിവാഹിതരായത്. പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷത്തോളമായപ്പോഴാണ് ആദ്യഭാര്യ അയിഷ ആരോപണവുമായി രംഗത്ത് എത്തുന്നത്. മുസ്തഫ നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ല എന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നല്‍കി ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, മുസ്തഫയ്‌ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും നല്‍കിയിട്ടുണ്ട് അയിഷ.

മുസ്തഫ ഇപ്പോഴും തന്റെ ഭര്‍ത്താവാണ്. മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ അവിവാഹിതന്‍ ആണെന്നാണ് മുസ്തഫ കോടതിയെ ധരിപ്പിച്ചത്’, അയിഷ പറയുന്നു. മുസ്തഫയ്ക്ക് ആദ്യ ഭാര്യ അയിഷയില്‍ രണ്ട് കുട്ടികളാണ് ഉള്ളത്. മുസ്തഫയുടെ ആദ്യ ഭാര്യ ആരോപണവുമായി രംഗത്ത് എത്തിയതോടെ പ്രിയാമണിയുടെയും മുസ്തഫയുടേയും വിവാഹം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ മുസ്തഫ നിഷേധിച്ചു. തനിക്കെതിരെ അയിഷ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നും കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക പതിവായി നല്‍കാറുണ്ട് എന്നും മുസ്തഫ പറയുന്നു. അയിഷ നടത്തുന്നത് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് എന്നാണ് മുസ്തഫ പറയുന്നത്. കൂടാതെ, 2010 മുതല്‍ താനും അയിഷയും വേര്‍പിരിഞ്ഞു താമസിയ്ക്കുകയായിരുന്നുവെന്നും 2013 ല്‍ വിവാഹമോചനം നേടിയെന്നും മുസ്തഫ പറഞ്ഞു.