എ കെ ശശീന്ദ്രന്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ; ശശീന്ദ്രനെതിരെ പരാതിക്കാരി മൊഴി നല്‍കി

സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ കെ. ശശീന്ദ്രനെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ഒരുതരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് നല്‍കിയ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്‍ സി പി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്‍ സി പി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും പൊലീസ് റിപ്പോര്‍ട്ട് സഭയില്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കുണ്ടറ പീഡനപരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിക്കാരി മൊഴി നല്‍കി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എന്‍.സി.പി നേതാവ് അപമാനിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയതിനെക്കുറിച്ചും മൊഴിയെടുത്തിട്ടുണ്ട്.

കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെയും യുവതി മൊഴി നല്‍കി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും പെണ്‍കുട്ടി പറഞ്ഞു. ജൂണ്‍ 28നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്ക് ശേഷം 24-ാം ദിവസമാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്. പീഡന ആരോപണത്തില്‍ ഇരയുടെ മൊഴിയെടുക്കാന്‍ ഇത്രയും വൈകിയത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും ആരോപണമുണ്ട്.