പ്രളയവും മണ്ണിടിച്ചിലും ; കൊങ്കണ്‍ മേഖലയില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങി
മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ പ്രളയം. ഇതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴി പോകുന്ന നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. പല ട്രെയിനുകളുടെയും സമയം പുനക്രമീകരിച്ചു. ഇതോടെ ട്രെയിനുകളില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് പ്രളയത്തിന് കാരണം.
മുംബൈയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ വെള്ളപ്പൊക്കമുണ്ടായ ചിപ്ലൂണില്‍ രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്. ഈ മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.പ്രളയത്തെ തുടര്‍ന്ന് മുംബൈ-ഗോവ ഹൈവേ അടച്ചു. ചിപ്ലൂണില്‍ മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയെല്ലാം വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം കോസ്റ്റ്ഗാര്‍ഡ് സംഘത്തെ വിന്യസിച്ചു. എന്‍ഡിആര്‍എഫിന്റെ 9 സംഘത്തെയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ആളുകളെ അപകട മേഖലകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശിച്ചു.