സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തില്‍ മരിച്ചു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കപ്പക്കടവ് സ്വദേശി റമീസ് ആണ് വാഹനാപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ അഴീക്കോട് ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചക്ക് ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് അഴീക്കോട് വെച്ച് ഒരു കാറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചെയോടെ മരണമടഞ്ഞു. അര്‍ജുന്‍ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് ഇയാള്‍ ഓടിച്ചിരുന്നത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഇരുപത്തിയേഴാം തീയതി ഹാജരാകാന്‍ റമീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ റമീസ് എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 27 ന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപെട്ടത്. റമീസിന് ഒപ്പം അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പ്രണവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. റമീസിന്റെ വീട്ടിലും കസ്റ്റംസ് നേരത്തെ പരിശോധന നടത്തിയിരുന്നു.

അപകടത്തില്‍ ദുരൂഹത ഇല്ലെന്നാണ് നിലവിലെ നിഗമനം. എന്നാല്‍ സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം വളപട്ടണം പോലീസ് നടത്തുന്നുണ്ട്. അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ തെളിവുകള്‍ തേടുന്നതിനിടിയിലാണ് ഉറ്റസുഹൃത്തിന്റെ മരണം. അതേസമയം, അര്‍ജുന്‍ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. അറസ്റ്റിലായ അജ്മലിന്റെ മൊഴിയില്‍ ഇത് അര്‍ജുന്റെ വ്യക്തമാണ്. ഇക്കാര്യങ്ങള്‍ക്കായി അര്‍ജുന് നിരവധി ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.