ജീവനക്കാരിയുടെ അടി കിട്ടാതെ ഒഴിഞ്ഞുമാറി ‘സല്‍പ്പേരിന് കളങ്കംവരുത്തി എന്ന പേരില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരന് ശിക്ഷ
ആരെങ്കിലും നമ്മളെ തല്ലാന്‍ വന്നാല്‍ ഒന്നുകില്‍ നാം എതിര്‍ക്കും അല്ലെങ്കില്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കും. മനുഷ്യനായാലും മൃഗങ്ങള്‍ ആയാലും ഇത് അറിയാതെ ചെയ്തു പോകുന്നത് ആണ്. ശരീരം കാത്തു സൂക്ഷിക്കാന്‍ ഏവരും ചെയ്യുന്ന ഒന്നാണ് ഇത്. എന്നാല്‍ കെ എസ് ആര്‍ ടി സിയില്‍ അങ്ങനെ അല്ല ആരെങ്കിലും നിങ്ങളെ തല്ലാന്‍ വന്നാല്‍ അണുവിട ചലിക്കാതെ ഉള്ള അടി മുഴുവന്‍ വാങ്ങി കൂട്ടിക്കൊണം.ഇല്ലെങ്കില്‍ വന്‍ ശിക്ഷകള്‍ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. അത്തരത്തില്‍ സഹപ്രവര്‍ത്തകയുടെ അടിയില്‍ നിന്നും ഒഴിഞ്ഞു മാറി ഇപ്പോള്‍ ശിക്ഷാ നടപടിക്ക് വിധേയനായ ഒരാളുടെ വാര്‍ത്തയാണ് ഇവിടെ.
ലീവ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ ഇന്‍സ്പെക്ടര്‍ക്കെതിരെ ശിക്ഷാ നടപടിയെടുത്ത് കെ എസ് ആര്‍ ടി സി. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്റെ അത്യുഗ്രന്‍ നടപടി. മെയ് മാസം ഏഴാം തീയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ യൂണിറ്റിലെ കാന്റീന് സമീപം കെ എസ് ആ ര്‍ടി സി ഇന്‍സ്പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംസാരിത്തിനിടെ നാരായണനെ പുറത്ത് അടിക്കാന്‍ വനിതാ ജീവനക്കാരി ശ്രമിച്ചു. ഇന്‍സ്‌പെക്ടര്‍ ഒഴിഞ്ഞുമാറിയതോടെ വനിതാ ജീവനക്കാരി മൂക്കും കുത്തി നിലത്ത് വീണു. അതേസമയം കോര്‍പ്പറേഷന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാണ് നാരായണനെതിരെ നടപടി.
‘തൃശൂര്‍ യൂണിറ്റിലെ സൂപ്പര്‍വൈസറി തസ്തികയിലുള്ള കെ എ നാരായണന്‍ മറ്റ് ജീവനക്കാര്‍ക്ക് മാതൃകയാകേണ്ട ഉദ്യോഗസ്ഥന്‍ ആണെന്നിരിക്കെ ഒരു വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് പൊതുജനമധ്യത്തില്‍ ടിയാനെ തന്നെ കൈയേറ്റം ചെയ്യുന്ന തരത്തില്‍ എത്തിച്ച് കോര്‍പറേഷന്റെ സല്‍പ്പേരിന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നു”- എന്നാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. നാരായണനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്.