കര്‍ണാടകയില്‍ സര്‍ക്കാരിനെ അട്ടിമറിച്ചതും പെഗാസസ് ഉപയോഗിച്ച് എന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് ബി ജെ പി വീണ്ടും ഭരണം പിടിക്കാന്‍ കാരണമായത് വികസന നേട്ടങ്ങള്‍ അല്ല എന്ന് പകല്‍ പോലെ സത്യമാണ്. ധാരാളം ആരോപണങ്ങള്‍ നേരിട്ടു എങ്കിലും വമ്പന്‍ ജയമാണ് ബി ജെ പി സ്വന്തമാക്കിയത്. എന്നാല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ വരുന്നതിനു പിന്നാലെ ബി ജെ പിക്ക് ജയിക്കാന്‍ വഴി വെച്ചത് എന്താണ് എന്നും കൂടി തെളിയുകയാണ്. കാരണം രാജ്യരക്ഷയുടെ പേരിലുള്ള നിരീക്ഷണം എന്നതിനും അപ്പുറം, മറഞ്ഞിരുന്ന് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനും ഇസ്രായേല്‍ നിര്‍മിത സോഫ്റ്റ്‌വെയര്‍ ആയുധം കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചതായാണ് ‘ദ വയര്‍’ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.കര്‍ണാടകയില്‍ നടപ്പിലാക്കിയ, ‘ഓപ്പറേഷന്‍ താമര’യെന്ന ഇരട്ടപ്പേരില്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ആവേശം കൊള്ളുന്ന ഭരണകൂട അട്ടിമറി ഇത്തരത്തില്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തലിലൂടെ നടപ്പാക്കിയ ജനാധിപത്യ ധ്വംസനമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കര്‍ണാടക മന്ത്രിമാരുടെ പി.എകള്‍ മുതല്‍, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വരെ എത്തിനില്‍ക്കുന്നതാണ് കര്‍ണാടകയിലെ ഫോണ്‍ ചോര്‍ത്തലിന്റെ വ്യാപ്തി. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ജനതാദള്‍ – കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരം പിടിച്ചടക്കുകയുണ്ടായി. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള അമിത് ഷായുടെ ടീം, സഖ്യസര്‍ക്കാരിലെ എം.എല്‍.എമാരെ അടര്‍ത്തിയെടുത്താണ് ഭരണം അട്ടിമറിച്ചത്.ജൂലൈ 21നാണ് മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ സിദ്ധരാമയ്യ വാര്‍ത്താസമ്മേളനം നടത്തി, ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്തു വിടുന്നത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വെങ്കിടേഷിന്റെ ഫോണ്‍ വഴിയാണ് ചാരപ്പണി നടത്തിയത് എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സിദ്ധരാമയ്യ വെളിപ്പെടുത്തിയത്.
സിദ്ധരാമയ്യയുടെ പി.എ വെങ്കിടേഷ്, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ പി.എ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ എന്നിവ പെഗാസസിന്റെ ലിസ്റ്റിലുള്ള പേരുകളായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. തുടര്‍ന്നാണ് 80 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസും 36 സീറ്റുള്ള ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നത്. എന്നാല്‍, അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല, കുപ്രസിദ്ധമായ റിസോര്‍ട്ട് രാഷ്ട്രീയത്തെയും മറികടന്നുകൊണ്ട്, സഖ്യസര്‍ക്കാരിലെ പതിനേഴ് എം.എല്‍.എമാരെയാണ് ബി.ജെ.പി അടര്‍ത്തിയെടുത്തത്. ശേഷം ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയായിരുന്നു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, ഭരണ അട്ടിമറിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് – ജനതാദള്‍ നേതൃത്വം. വിവാദം കൊടുമ്പിരികൊണ്ടിരിക്കെ, മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ രാജിയാണ് ഇനി അടുത്ത ഘട്ടം. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, ഏതാനും ദിവസങ്ങള്‍ക്കകം യെദിയൂരപ്പ രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അട്ടിമറി വാര്‍ത്ത കൈവിട്ടുപോയതിന് പിന്നാലെ യെദിയൂരപ്പയെ ബി.ജെ.പി ഉന്നത നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. അതിനിടെ, ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിനെ തുടര്‍ന്ന് സോഫ്റ്റ്വെയറിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പെഗാസസ് തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ചെയ്യാവുന്ന ഏറ്റവും വലിയ അക്രമം, ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെ അട്ടിമറിക്കുകയെന്നുള്ളതാണ്. രാജ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തി വ്യവസ്ഥാപിത ചാരപ്രവര്‍ത്തനത്തിന് ഭരണകൂടം തന്നെ മുന്നിട്ടിറങ്ങിയ വാര്‍ത്തകളാണ് ഇന്ത്യയില്‍ ഇപ്പോള്‍ കേള്‍ക്കുവാന്‍ കഴിയുന്നത്.