സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടരുന്നു ; പാലക്കാടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്

കരുവന്നൂര്‍ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് കേരളത്തിലെ പല ബാങ്കുകളിലും അരങ്ങേറുന്നു എന്ന് തെളിവ്. പാലക്കാട് കണ്ണന്നൂരിലും സമാനമായ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തു. കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ സഹകരണ സംഘത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാര്‍ പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രണ്ട് മാസമായിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. സഹകരണ വകുപ്പ് അന്വേഷണത്തില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സഹകരണ രജിസ്ട്രാറുടെ നിര്‍ദേശം. കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഉത്തരവ് ലഭിച്ചിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.

4.85 കോടി രൂപയുടെ അഴിമതിയാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കണ്ടെത്തിയത്. ഈ തുക മുന്‍ ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കണമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സ്ഥിര നിക്ഷേപം തിരിച്ചുനല്‍കാതിരിക്കല്‍, രേഖകളില്ലാതെ വായ്പ അനുവദിക്കല്‍, അപേക്ഷകര്‍ അറിയാതെ വായ്പ പുതുക്കല്‍, അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ വായ്പയെടുക്കല്‍ തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി പണമോ പലിശയോ നല്‍കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ എന്‍ വിനേഷിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടെങ്കിലും ഇയാളുടെ ബിനാമികളാണ് ഇപ്പോഴും സഹകരണ സംഘം ഭരിക്കുന്നതെന്നാണ് നിക്ഷേപകരുടെ ആരോപണം. വിനേഷിന് പുറമെ ഹോണററി സെക്രട്ടറി, മുന്‍ ഭരണസമിതി അംഗങ്ങള്‍, ഒന്‍പത് ജീവനക്കാര്‍ തുടങ്ങിയവര്‍ അഴിമതിയില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.