സാര്‍പ്പട്ട പരമ്പരയിലെ യഥാര്‍ഥ കഥാപാത്രങ്ങള്‍
ആര്യ നായകനായി പാ രജ്ഞിത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പര സിനിമ എങ്ങും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമില്‍ റിലീസ് ആയ സിനിമക്ക് വന്‍ വരവേല്‍പ്പ് ആണ് കേരളത്തില്‍ പോലും ലഭിക്കുന്നത്. 1970 കളില്‍ തമിഴ് നാട്ടില്‍ സാധാരണമായിരുന്നു ബോക്സിങ് മത്സരങ്ങളെ പറ്റിയാണ് സിനിമ സംസാരിക്കുന്നത്. ആ കാലഘട്ടത്തിലെ ബോക്സിംഗിനെ കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷമാണ് തിരക്കഥ തയ്യാറാക്കിയതെന്ന് സംവിധായകന് പാ. രഞ്ജിത്ത് പറഞ്ഞിരുന്നു. കൂടാതെ ദളിത് പിന്നോക്കാവസ്ഥയും സിനിമ ചര്‍ച്ച ചെയ്യുന്നു.
പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.
സന്തോഷ് നാരായണന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. കബിലന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്തിലെ തമിഴ് രാഷ്ട്രീയം കലര്‍പ്പില്ലാതെ സിനിമ വരച്ചു കാണിക്കുന്നു. കാലം ഇത്ര കണ്ടു മാറിയിട്ടും ഇന്നത്തെ കാലത്തും തുടര്‍ന്ന് വരുന്ന അവഗണനകളും സിനിമ ചര്‍ച്ച ചെയ്യുന്നു. സിനിമയില്‍ പല ഇടങ്ങളിലായി കാണിച്ചിരിക്കുന്ന ബുദ്ധന്റെ പ്രതിമയും അംബേക്കര്‍ എം ജി ആര് എന്നിവരുടെ ചിത്രങ്ങളും രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നു. ബോക്സില്‍ റിങ്ങില്‍ എതിരാളികളെ നേരിടുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ട് നായകന് അനുഭവിക്കുന്നത് അവന്റെ അവസരങ്ങള്‍ തടയുന്ന മേല്‍ ജാതിക്കാരില്‍ നിന്നാണ്. അവിടെ ബോക്സിങ് എന്നത് ജാതി മേല്‍ക്കോയ്മയും അഭിമാനവും ആയി മാറുന്നു.
അതുപോലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടും സിനിമ സമ്പന്നമാണ്. പുരുഷനെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ ആണ് സിനിമയില്‍ ബഹുപൂരിപക്ഷവും. ആര്യയുടെ കഥാപാത്രം അമ്മയുടെയും ഭാര്യയുടെയും കാലു പിടിക്കാന്‍ മടിക്കുന്നില്ല എന്നത് പോലെ തന്നെ കള്ളു കുടിച്ചു വന്നു സ്വന്തം അമ്മയെ തല്ലുന്നതിലും അമ്മാ പാസം പോലെ സിനിമാ സെന്റിമെന്റ്സ് ഇവിടെ പറയുന്നില്ല. അതുപോലെ മുഴു കുടിയനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകാന്‍ ഭാര്യ തയ്യാറാകുന്നില്ല എന്നത് ഫെമിനിസത്തിന്റെ ആരാധകര്‍ക്ക് ഇഷ്ടമാകില്ല എങ്കിലും സംവിധായകന് അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് സാരം. കൂടാതെ പശുപതിയുടെ മകന്റെ ഭാര്യ അമ്മാവനോട് ഭര്‍ത്താവിന് അവസരം നല്‍കാത്തതിന്റെ പേരില്‍ പരസ്യമായി തട്ടിക്കയറുന്നതും സ്ത്രീകളുടെ ശബ്ദവും സിനിമയില്‍ ഉയരുവാന് കാരണമായി.
തികച്ചും സാധാരണമായ അവതരണമാണ് രഞ്ജിത്ത് ഇവിടെയും നടത്തിയിരിക്കുന്നത്. മുന്‍ ചിത്രങ്ങളായ കാല കബാലി എന്നിവയില്‍ രജനി പോലൊരു സൂപ്പര്‍ താരത്തിനെ കൂടെ കിട്ടിയപ്പോള്‍ ഉണ്ടായ കണ്ഫ്യുഷന് സാര്‍പ്പട്ട പരമ്പരയില്‍ സംവിധയകന് ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ വിജയം. സിനിമയില്‍ ഒരു സീനില്‍ വരുന്നവര്‍ പോലും മാരകമായ പ്രകടനമാണ് കാഴ്ചവെച്ചത്. അതില്‍ തന്നെ ഡാഡി , ഡാന്‍സിംഗ് റോസ് എന്നിവര്‍ക്ക് പ്രത്യേകമായ ഒരു ആരാധകവൃന്ദം തന്നെ ഉണ്ടായിട്ടുണ്ട്. കൂടാതെ നായകനായ കപിലന് മുതല്‍ പ്രധാന ബോക്സിങ് താരങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഓരോ താരങ്ങളും യഥാര്‍ഥ ബോക്സിങ് താരങ്ങളില്‍ നിന്നും റഫറന്‍സ് എടുത്തുകൊണ്ടാണ് പാ. രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്.
ആര്യ അവതരിപ്പിച്ച കപിലന് എന്ന കഥാപാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ്. മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ടെക്നിക്കുകളാണ് കബിലനില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ചിത്രത്തില്‍ ബോക്സിങ് ചെയ്യുമ്പോള്‍ ആര്യ നടത്തുന്ന പല മൂവ്മെന്റുകളും ശ്രദ്ധിച്ചാല്‍ പലതിലും ഒരു മുഹമ്മദ് അലി ഇന്‍ഫ്ലുവന്‍സ് കാണാം. കൂടാതെ ചിത്രത്തിന്റെ തീം സോങ്ങായ ‘നീയേ ഒലി’ എന്ന പാട്ടില്‍ മുഹമ്മദ് അലിയുടെ പ്രശസ്തമായ ഒരു വാചകവും ഉപയോഗിച്ചിട്ടുണ്ട്. തന്റെ ബോക്സിങ്ങ് രീതിയെ കുറിച്ച് അദ്ദേഹം പറഞ്ഞ ‘Floar like a butterfly, sting like a killer bee’ എന്ന വാചകമാണിത്. സിനിമക്ക് വേണ്ടി രണ്ട് വര്‍ഷത്തോളമായി ആര്യ ബോക്സിംഗില്‍ കൃത്യമായ പരിശീലനവും നടത്തിയിരുന്നു.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് വേമ്പുലി. ജോണ്‍ കൊക്കനാണ് വേമ്പുലിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളത് ലോക പ്രശസ്ത ബോക്സര്‍ മൈക്ക് ടൈസണില്‍ നിന്നാണ്. മൈക്ക് ടൈസന്റെ ബോക്സിങ്ങ് ടെക്നിക്കുകളും ബോഡി മൂവ്മെന്റുകളും കൂടാതെ അദ്ദേഹത്തിന്റെ പരുക്കന്‍ സ്വഭാവവും മത്സരബുദ്ധിയും കൂടി തന്റെ കഥാപാത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതായി ജോണ്‍ കൊക്കന് പറഞ്ഞിരുന്നു. ആര്യ കഴിഞ്ഞാല്‍ ചിത്രത്തിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിങ് റോസ്. പ്രിന്‍സ് അഹമ്മദ് എന്നറിയപ്പെട്ടിരുന്ന നസീം അഹമ്മദിനെയാണ് തനിക്ക് മാതൃകയാക്കാനായി നല്‍കിയിരുന്നതെന്ന് ഷബീര്‍ പറയുന്നു.
ചിത്രത്തില്‍ ഏറ്റവും വ്യത്യസ്തമായ രീതിയില്‍ ബോക്സിംഗ് ചെയ്യുന്ന, റിങ്ങിനുള്ളില്‍ ഡാന്‍സ് ചെയ്തുകൊണ്ട് എതിരാളിയെ ഇടിച്ചിടുന്ന റോസ് എന്ന കഥാപാത്രം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.നസീം അഹമ്മദിന്റെ ബോക്സിങ്ങ് രീതികളുടെ ഒരു ആകെ തുക നോക്കിയ ശേഷം പിന്നീട് സ്വന്തമായ ഒരു സ്റ്റൈല്‍ ഡാന്‍സിങ്ങ് റോസിനായി രൂപ്പെടുത്തിയെടുക്കയായിരുന്നുവെന്നാണ് ഷബീര്‍ പറയുന്നത്. ബോക്സര്‍ ജോര്‍ജ് ഫോര്‍മാനാണ് രാമന് എന്ന കഥാപാത്രത്തിന്റെ റഫറന്‍സ്. സന്തോഷ് പ്രതാപായിരുന്നു ഈ വേഷം ചെയ്തത്.ഇന്റര്‍നാഷണല്‍ ബോക്സിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഹെവി വെയ്റ്റ് ചാമ്പ്യന്മാരിലൊരാളായിരുന്നു ഫോര്മാന്. സിനിമയുടെ അവസാനം 70 കളിലെ യഥാര്‍ത്ഥ മത്സരങ്ങളുടെ ഫോട്ടോസും പോസ്റ്ററുകളും കാണിക്കുന്നത് ആ സമയം ബോക്സിങ് എത്രമാത്രം അവിടെ ജനപ്രിയം ആയിരുന്നു എന്നത് വ്യക്തമാക്കുന്നു.