ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതായി ആരോപണം ; നിഷേധിച്ച് രമ്യാ ഹരിദാസ്
ലോക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതായി ആരോപണം. ആലത്തൂര്‍ എം പി രമ്യ ഹരിദാസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് ആരോപണം. പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലില്‍ ഇവര്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസ് നടത്തുന്ന ഡെലിവറി ബോയി ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ എടുത്തയാളോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിന്റെ ദ്യശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. ഭക്ഷണം പാര്‍സലായി നല്‍കാന്‍ മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ വന്നതാാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസും വി ടി ബല്‍റാമും വിശദീകരിച്ചു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും ഇവര്‍ പറഞ്ഞു. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി. ‘കാലിന് പരുക്കുള്ളതിനാലാണ് മഴ ഉള്ള സ്ഥലത്തിരിക്കാതെ ഹോട്ടലിലെ ചേട്ടന്‍ ഉള്ളിലേക്ക് കസേരയിട്ട് തന്നത്. അവിടെ പാഴ്സല്‍ പറഞ്ഞിരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ വന്നത്. എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി. കടക്കാരനോടും തട്ടിക്കേറി. ഹോട്ടലിലെ ചേട്ടനും കാലിന് പരുക്കുള്ളതിനാലാണ് ഉള്ളില്‍ കയറിയതെന്ന് പറഞ്ഞിരുന്നു.’- രമ്യ പറയുന്നു.