കൂട്ടത്തല്ലിനൊടുവില്‍ അടിച്ചു പിരിഞ്ഞു ഐഎന്‍എല്‍

കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ച പ്രവര്‍ത്തകസമിതി യോഗത്തിനു പിന്നാലെ ഐഎന്‍എല്‍ അടിച്ചു പിരിഞ്ഞു. സമാന്തരമായി ചേര്‍ന്ന യോഗങ്ങളില്‍ പരസ്പരം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാണ് നേതാക്കള്‍ രണ്ടായിപ്പിരിഞ്ഞത്. ആദ്യം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിറകെ വാര്‍ത്താസമ്മേളനം വിളിച്ച് വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. വൈകീട്ട് മൂന്നു മണിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാസിം ഇരിക്കൂറിനെ പുറത്താക്കിയ വിവരം എപി അബ്ദുല്‍ വഹാബ് പ്രഖ്യാപിച്ചു. സെക്രട്ടറിയും ട്രഷററും അടക്കം അഞ്ചു ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ യോഗത്തില്‍ ധാരണയായതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, മന്ത്രി അഹ്മദ് ദേവര്‍കോവിലിനെതിരെ തല്‍ക്കാലം നടപടി സ്വീകരിച്ചിട്ടില്ല.

സംസ്ഥാന പ്രസിന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് ഇന്ന് യോഗം നടന്നതും കൂട്ടത്തല്ല് ഉണ്ടായതും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു സംഭവം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും ശേഷം പുറത്തെത്തിയ പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്. സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് ഒരുവശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും മറുവശത്തും എന്ന നിലയിലാണ് നിലവില്‍ ഐ.എന്‍.എല്ലിലെ രാഷ്ട്രീയ ചേരി.

രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കിയതായി മിനുറ്റ്‌സില്‍ എഴുതിച്ചേര്‍ക്കാന്‍ ശ്രമിച്ചതാണ് സഘര്‍ഷത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സെക്രട്ടേറിയറ്റ് അംഗം അബ്ദുല്‍ അസീസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീര്‍ ബടേരി എന്നിവരെ പുറത്താക്കിയതായിതായി കാസിം ഇരിക്കൂര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കികൊണ്ടുവന്ന മിനുറ്റ്‌സ് ആണെന്ന് പറഞ്ഞ് മറുചേരിയിലുള്ളവര്‍ പ്രതിഷേധം അറിയിക്കുകയും, തുടര്‍ന്ന് ഇരുപക്ഷങ്ങള്‍ തമ്മിലുള്ള വാഗ്വാദം കയ്യാങ്കളിയിലേക്കെത്തുകയും ചെയ്യുകയായിരുന്നു. 1994ല്‍ മുസ്‌ലിം ലീഗില്‍നിന്ന് പിളര്‍ന്നാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിക്കുന്നത്. ബാബരി മസ്ജിദ് ധ്വംസനത്തിനു പിറകെ മുസ്‌ലിം ലീഗ് സ്വീകരിച്ച നയത്തില്‍ പ്രതിഷേധിച്ച് ദേശീയ അധ്യക്ഷനായ ഇബ്രാഹീം സുലൈമാന്‍ സേട്ട് പാര്‍ട്ടി വിടുകയും ഐഎന്‍എല്ലിനു രൂപംനല്‍കുകയുമായിരുന്നു. സുലൈമാന്‍ സേട്ടിന്റെ മരണശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗം മുസ്‌ലിം ലീഗിലേക്കു മടങ്ങിയിരുന്നു.