കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എമ്മിലെ എട്ട് പേര്‍ക്കെതിരെ പാര്‍ട്ടി നടപടി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ എട്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ എന്നിവെയാണ് തരം താഴ്ത്തിയത്. ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നടപടി എടുത്തത്. മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സി കെ ചന്ദ്രന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ചക്രപാണി ഒഴികെയുള്ള ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്ക് ആറു മാസത്തെ സസ്‌പെന്‍ഷന്‍.

സംഭവത്തില്‍ പ്രതികളായ ജീവനക്കാരെ പുറത്താക്കാനും സി പി എം തീരുമാനിച്ചു. പൊറത്തിശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം സുനില്‍കുമാര്‍ ( ബാങ്ക് സെക്രട്ടറി ), പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ബിജു കരീം (മെയിന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ), തുറു പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം ജിന്‍സണ്‍ ( സീനിയര്‍ എക്കൗണ്ടന്റ് ) എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിപ്പോള്‍ പണം ലഭ്യമാകാതെ വരികയും ഇതേതുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചത്.