മന്ത്രി ശശീന്ദ്രന്‍ മുമ്പും പീഡന പരാതികള്‍ ഒതുക്കിയിട്ടുണ്ട് : പരാതിക്കാരിയുടെ പിതാവ്

കുണ്ടറ പീഡന പരാതിയില്‍ പിന്നോട്ട് പോകാതെ പരാതിക്കാരിയുടെ കുടുംബം. സര്‍ക്കാരും പാര്‍ട്ടിയും പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് എടുത്തത് എന്നിരുന്നാലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു. അതുപോലെ പരാതി ഒതുക്കി തീര്‍ക്കാന്‍ വിളിച്ച മന്ത്രി എ.കെ ശശീന്ദ്രന്‍ മുമ്പും പീഡന പരാതികള്‍ ഒതുക്കി തീര്‍ത്തിട്ടുണ്ടെന്ന് പരാതിക്കാരിയുടെ പിതാവ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. തനിക്കെതിരെ നടപടിയെടുത്ത് പീഡിപ്പിച്ചയാളെ വെള്ളപൂശുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു. പി.സി ചാക്കോയ്ക്ക് ലാഭത്തില്‍ മാത്രമാണ് നോട്ടമെന്നും എന്‍.സി.പിയെ പിഴിയുകയാണ് ചാക്കോയുടെ ലക്ഷ്യമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

താന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് ചാക്കോ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്. മകള്‍ക്ക് നീതി കിട്ടുന്നവതുവരെ നിയമപോരാട്ടം നടത്തുമെന്നും യുവതിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. കുണ്ടറ പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ എന്‍.സി.പി കൂട്ട നടപടി സ്വീകരിച്ചിരുന്നു. മന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ പിതാവടക്കം ആറ് പേരെയാണ് സസ്‌പെന്റ് ചെയ്തത്. എന്‍.സി.പി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംസ്ഥാന സമിതി അംഗം പ്രതീപ്കുമാര്‍,ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ്,എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരിയുടെ പിതാവിന്റെ പ്രതികരണം. അതേസമയം, പീഡന പരാതി ഒതുക്കാന്‍ മന്ത്രി ഇടപെട്ടിട്ടില്ലെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഫോണ്‍ വിളിയില്‍ ജാഗ്രത പാലിക്കാന്‍ മന്ത്രിക്ക് മുന്നറിയിപ്പും സംസ്ഥാന ഭാരവാഹി യോഗം നല്‍കി.