ആലപ്പുഴയില്‍ ഡോക്ട്ടറെ ആക്രമിച്ച സംഭവം ; വിവാദമായപ്പോള്‍ മാപ്പു പറഞ്ഞു തടിയൂരി സി പി എം

ആലപ്പുഴയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞു തടിയൂരി സി പി എം. ആലപ്പുഴ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ആണ് പാര്‍ട്ടിക്ക് വേണ്ടി മാപ്പ് പറഞ്ഞത്.കോവിഡ് വാക്സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് സി പി എം നേതാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റത് വിവാദമായിരുന്നു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സിപിഎം വിശദീകരണം ചോദിച്ചിരുന്നു. വാക്‌സിന്‍ കൂടുതല്‍ ഉണ്ടെന്ന ധാരണയിലാണ് ഡോക്ടര്‍ക്കെതിരെയുള്ള സംഭവങ്ങള്‍ ഉണ്ടായതെന്നാണ് വിശദീകരണം. ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 3 സി പി എം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് എത്തിയ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് 10 പേരുടെ ലിസ്റ്റ് നല്‍കി വാക്സിന്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍കൂട്ടി അനുവദിച്ച 150 ഡോസ് ഒരു വാര്‍ഡിന് പത്ത് വീതം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റിനെ ധരിപ്പിച്ചു. തുടര്‍ന്ന് പ്രസിഡന്റ് നിര്‍ബന്ധം പിടിച്ചെങ്കിലും ക്രമവിരുദ്ധമായി നല്‍കാനാവില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ക്ഷുഭിതനായി തിരികെ പോയ പ്രസിഡന്റ് എം സി പ്രസാദ് വൈകിട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്കൊപ്പമെത്തി മര്‍ദിക്കുകയായിരുന്നു എന്ന് ഡോക്ടര്‍ ശരത്ചന്ദ്ര ബോസ് പറയുന്നു.

ഇന്നലത്തെ വാക്സിനേഷനു ശേഷം മിച്ചമുണ്ടായിരുന്ന 9 യൂണീറ്റ് വാക്സിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രാസാദ്, സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രഘുവരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. അക്രമികള്‍ തന്നെ മുറിയില്‍ നിന്ന് പിടിച്ചിറക്കി കഴുത്തിന് കുത്തി പിടിച്ചതായും കൂട്ടം ചേര്‍ന്ന് കൂടുതല്‍ മര്‍ദ്ദനത്തിന് ശ്രമിച്ചതായും ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. കഴുത്തിന് കുത്തി പിടിച്ച് അക്രമിക്കുന്നതിനിടയില്‍ ഓടി മുറിയില്‍ കയറി വാതില്‍ അടച്ച് മറ്റ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഡോക്ടറെ മുറിക്ക് പുറത്തിറക്കിയത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗേറ്റ് പൂട്ടി മൂന്ന് മണിക്കൂറോളം ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരെയും തടഞ്ഞുവെച്ചതായും പൊലിസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു. അതേസമയം വാക്സിന്‍ ഉണ്ടായിട്ടും രാവിലെ മുതല്‍ കാത്ത് നിന്നവര്‍ക്ക് വാക്സിന്‍ നല്‍കാതെ മടക്കി അയച്ച മെഡിക്കല്‍ ഓഫീസറുടെ നടപടിയില്‍ വിതരണ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിക്കുക മാത്രമാണ് ഉണ്ടായതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് ഇതിനോട് നേരത്തെ പ്രതികരിച്ചത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ആരോഗ്യ മേഖലയില്‍ നിന്ന് ഉണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് മാവേലിക്കര താലൂക്ക് ആശുപത്രിയിലും കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് മര്‍ദ്ദനം ഏറ്റിരുന്നു. ഡോക്ടര്‍ രാഹുല്‍ മാത്യുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ അന്ന് കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. സംസ്ഥനത്ത് പല ഇടങ്ങളിലും സര്‍ക്കാര്‍ ഇടതു പക്ഷക്കാര്‍ക്ക് മാത്രമായി വാക്‌സിന്‍ ഡോസുകള്‍ പിടിച്ചു വെക്കുന്നു എന്ന ആരോപണം ഇപ്പോള്‍ പരക്കെ ഉയരുന്നുണ്ട്.