പിറവത്ത് വന്‍ കള്ളനോട്ട് വേട്ട ; ഏഴരലക്ഷത്തിലേറെ കള്ളനോട്ട് പിടിച്ചെടുത്തു
എറണാകുളം : പിറവത്ത് 7,57,000 രൂപയുടെ കള്ളനോട്ടുമായി നാല് പേര്‍ കസ്റ്റഡിയിലായി. പിറവം പൈങ്കുറ്റിയിലെ വാടക വീട്ടില്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് പുറമേ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റേയും കസ്റ്റംസിന്റേയും റെയ്ഡ് തുടരുകയാണ്. അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ട് അടിക്കുന്ന പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി പയസല്‍, തൃശൂര്‍ സ്വദേശി ജിബി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സീരിയല്‍ ഷൂട്ടിങ്ങിന്റെ പേരില്‍ ഒമ്പതു മാസങ്ങള്‍ക്ക് മുമ്പാണ് സംഘം വാടക വീട്ടില്‍ താമസമാക്കിയത്. പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ആരംഭിച്ച റെയ്ഡ് പന്ത്രണ്ട് മണിക്കൂറോളം പിന്നിട്ടു. കൂടാതെ കള്ളനോട്ട് കേസിലെ മുഖ്യ പ്രതി മധുസൂദനനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്‌ക്കെടുത്തത് മധുസുധനനാണ്.