മുഖ്യമന്ത്രി കിറ്റിനൊപ്പം ജനങ്ങള്‍ക്ക് ഒരു മുഴം കയര്‍ കൂടി കൊടുക്കണം : പി സി ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പി സി ജോര്‍ജ്. ജനങ്ങളെല്ലാം ദുരിതത്തിലാണെന്നും കേരളം സ്വര്‍ണ കടത്തുകാരുടെയും ബലാല്‍സംഗ വീരന്മാരുടെയും കരിഞ്ചന്തക്കാരുടെയും വിളഭൂമി ആയി മാറിയിരിക്കുകയാണെന്നും കോട്ടയം പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സഖാക്കള്‍ നടത്തുന്ന വൃത്തികേടുകള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ വിശ്വാസികളെ അപമാനിക്കുകയാണ് എന്നും പി സി ജോര്‍ജ് ആരോപിച്ചു.

ജനങ്ങള്‍ കോവിഡ് മഹാമാരി മൂലം വലിയ രീതിയില്‍ ബുദ്ധിമുട്ടുകയാണ്. വലിയ കടമാണ് ജനങ്ങള്‍ക്ക് ആകെ ഉണ്ടായിരിക്കുന്നത്. എല്ലാവര്‍ക്കും കിറ്റ് നല്‍കിയാല്‍ പ്രശ്‌നം തീര്‍ന്നു എന്ന നിലയിലാണ് പിണറായി വിജയന്‍. എന്നാല്‍ ദുരിതത്തില്‍ ആയിരിക്കുന്ന ജനങ്ങള്‍ക്ക് കിറ്റിനൊപ്പം ഒരു മുഴം കയര്‍ കൂടി നല്‍കുകയാണ് വേണ്ടത് എന്നും പി സി ജോര്‍ജ് പരിഹസിച്ചു. കടകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും എല്ലാം അടച്ചുപൂട്ടി ഇടുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച കട തുറപ്പിച്ചു ആളുകളെ കൂട്ടി കോവിഡ് വീണ്ടും വ്യാപിപ്പിക്കാനുള്ള അവസരമാണ് പിണറായി വിജയന്‍ ഒരുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന് കാരണം ഇതാണ് എന്നും പി സി ജോര്‍ജ് വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരി അവസാനിക്കരുത് എന്ന ആഗ്രഹക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരി നില്‍ക്കുന്ന കാലം സമരങ്ങള്‍ ഒഴിഞ്ഞു നില്‍ക്കും എന്നതാണ് ഇതിന് കാരണമായി പിണറായി വിജയന്‍ കാണുന്നത് . കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും കിറ്റ് ആക്കി നല്കിയാണ് പിണറായി വിജയന്‍ ജനപിന്തുണ തട്ടിയെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്വകാര്യ സന്ദര്‍ശനം നടത്തി ഇക്കാര്യങ്ങളെല്ലാം അവസരമൊരുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. പിണറായി വിജയനും നരേന്ദ്രമോദിയും തമ്മില്‍ ഒരു അവിഹിത ബന്ധം തന്നെ നിലനില്‍ക്കുന്നുണ്ട്. ഈ ബന്ധം കാരണമാണ് ലാവലിന്‍ കേസ് വിചാരണ ചെയ്യപ്പെടാതെ കിടക്കുന്നത് എന്നും പി സി ജോര്‍ജ് ആരോപണം ഉന്നയിക്കുന്നു. അഴിമതിയില്‍ മുങ്ങി കുളിച്ച് ഇരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഇതില്‍ നിന്നും രക്ഷപ്പെടുത്താനായി ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.