ചടയമംഗലം സംഭവം ; കേരള പൊലീസിന്റെ പേജില്‍ പൊങ്കാല
കൊറോണയുടെ പേരില്‍ ജനങ്ങളെ പിഴിയുന്ന കേരളാ പൊലീസിന് അവസാനം നാട്ടുകാരുടെ പൊങ്കാല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടാര്‍ഗറ്റ് തികയ്ക്കാന്‍ റോഡില്‍ ഇറങ്ങുന്നവര്‍ക്ക് എല്ലാം തോന്നുന്ന പോലെ ഫൈന്‍ എഴുതി കൊടുക്കല്‍ ആണ് കേരളാ പോലീസിന്റെ ഹോബി. കേസും കോടതിയും താല്പര്യം ഇല്ലാത്തവര്‍ ഫൈന്‍ അടച്ചു മിണ്ടാതെ വീട്ടില്‍ പോകല്‍ ആണ് ചെയുന്നത്. എന്നാല്‍ സഹികെട്ട പൊതുജനം പ്രതികരിച്ചു തുടങ്ങി എന്നതാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. അതിനു കാരണമായത് ചടയമംഗലത്തെ ആ പെണ്‍കുട്ടിയും. തുടര്‍ന്ന് പെണ്‍കുട്ടിക്ക് എതിരെ കേസ് എടുത്തു പ്രതികാരം വീട്ടിയ കേരളാ പൊലീസിനെ കാത്തിരുന്നത് പൊങ്കാലയും. ബാങ്കിനു മുന്നില്‍ ക്യൂ നിന്നയാള്‍ക്ക് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരി ഗൗരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.
പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ പ്രതിഷേധ കമശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ‘മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പിഴ ഇല്ല. അവിടെ പൊലീസ് മാമന് പേടിയാണോ?’, ‘കോവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടി നില്‍ക്കുന്ന സാധാരണക്കാരന്റെ നെഞ്ചത്ത് കയറി പിഴ അടിക്കുന്ന പരിപാടി നിര്‍ത്തണം പൊലീസ് മാമാ..ജനം പ്രതികരിച്ച് തുടങ്ങി..’ എന്നിങ്ങനെ പേജില്‍ പ്രതിഷേധ കമന്റുകള്‍ കുന്നുകൂടുകയാണ്. കോവിഡ് മഹാമാരിയുടെ തേരോട്ടത്തില്‍ വഴിമുട്ടി നില്‍ക്കുന്ന സാധാരണക്കാരന് തൊട്ടതിനും പിടിച്ചതിനും പിഴ അടിച്ച് കൊടുത്ത് സര്‍ക്കാരിലേക്ക് പണം പിരിക്കുന്ന പൊലീസ് നടപടി നേരത്തെ വിവാദമായിരുന്നു. ഇന്നലെ ഗൗരി ധീരമായി പ്രതികരിക്കുന്ന വിഡിയോ പുറത്തുവന്നതോടെ സാധാരണക്കാരന്റെ നേര്‍ക്കുള്ള പൊലീസിന്റെ പിടിച്ചുപറി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ബാങ്കിന് മുന്നില്‍ നിന്ന പെറ്റി ലഭിച്ചയാളും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് കണ്ടാണ് ഗൗരിനന്ദ എന്താണ് പ്രശ്‌നം എന്ന് തിരക്കിയത്. ഇതോടെ പൊലീസ് ഗൗരിക്ക് എതിരെയും പെറ്റി എഴുതാന്‍ ശ്രമിച്ചെന്നും അതു പറ്റില്ലെന്നു പറഞ്ഞപ്പോള്‍ അസഭ്യം വിളിച്ചെന്നും അതില്‍ പ്രതിഷേധിച്ചപ്പോള്‍ കേസ് എടുത്തെന്നും യുവജന കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസും പെണ്‍കുട്ടിയും തമ്മിലുള്ള വാഗ്വാദത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടു വരികയായിരുന്നു ഞാന്‍. എടിഎമ്മില്‍ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവില്‍, നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതര്‍ക്കം നടക്കുന്നത് കണ്ട് ഞാന്‍ അദ്ദേഹത്തോട് എന്താണ് പ്രശ്‌നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.’ ഗൗരി പറയുന്നു.
അപ്പോള്‍ പൊലീസുകാര്‍ എന്നോട് പേരും മേല്‍വിലാസവും ചോദിച്ചു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നല്‍കുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാന്‍ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ എന്നെ ഒരു അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ ശബ്ദമുയര്‍ത്തി മറുപടി നല്‍കിയത്. നീ ഒരു ആണായിരുന്നെങ്കില്‍ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു.’ ദിവസങ്ങള്‍ക്കു മുന്‍പ്, വാക്‌സിന്‍ വിതരണത്തില്‍ ക്രമേക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത് വിവാദമായിരുന്നു. ഇതെത്തുടര്‍ന്ന് അഞ്ച് വനിതാ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്നു ദിവസം ജയില്‍ കഴിയേണ്ടിവന്നു. സംസ്ഥാനത്ത് പല ഇടങ്ങളിലും പോലീസ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി ജനങ്ങളില്‍ നിന്നും കാശ് പിരിയ്ക്കുന്നുണ്ട്. അതേസമയം തങ്ങള്‍ നിരപരാധികള്‍ ആണ് എന്നും ദിവസം ഇത്ര കൊറോണ പെറ്റി ഓരോ സ്റ്റേഷനും പിടിക്കണം എന്ന് മുകളില്‍ നിന്നുള്ള ഓര്‍ഡര്‍ നമ്മള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് പോലീസ്‌കാര്‍ രഹസ്യമായി പറയുന്നത്.