പണി മുടക്കി കൊക്കോണിക്‌സ് ലാപ് ടോപ് ; കേരളാ സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചു എന്ന് സോഷ്യല്‍ മീഡിയ

കുടുംബശ്രീ കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് തവണ വ്യവസ്ഥയില്‍ ലാപ്ടോപ്പ് നല്‍കുന്ന പദ്ധതിയായ വിദ്യാശ്രീ പദ്ധയിലൂടെ ലഭിച്ച ലാപ്ടോപ്പിന് ഗുണനിലവാരമില്ലെന്ന് വിദ്യാര്‍ഥിയുടെ കുറിപ്പ്. മലപ്പുറം സ്വദേശിയായ ഷമീം അയ്യന്‍കളത്തിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫോണിലെ ചെറിയ സ്‌ക്രീനില്‍ നോക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് വിദ്യാശ്രീ ലാപ്ടോപ്പ് വാങ്ങാന്‍ തീരുമാനിച്ചത്. മൂന്ന് തവണയ്ക്ക് ശേഷം ലാപ്ടോപ്പ് വാങ്ങാന്‍ സാധിക്കുമെന്നാണ് ആദ്യമറിയിച്ചിരുന്നതെങ്കിലും അഞ്ച് തവണകള്‍ അടച്ചതിന് ശേഷമാണ് ലാപ്ടോപ്പ് വാങ്ങാന്‍ സാധിച്ചിതെന്ന് കുറിപ്പില്‍ പറയുന്നു.

സര്‍ക്കാര്‍ പങ്കാളിത്തമുള്ള കൊക്കോണിക്ക്സ് എന്ന ലാപ് ടോപ് ആണ് ഇയാള്‍ വാങ്ങിയത്. പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് ലാപ്ടോപ്പ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയെന്നും തന്നെപ്പോലെ തന്റെ പഞ്ചായത്തില്‍ നിരവധി പേരാണ് കൊക്കോണിക്സ് നല്‍കിയ കെണിയില്‍ പെട്ടിരിക്കുന്നതെന്നും ഷമീം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ലെന്നും പെട്ടിരിക്കുകയാണെന്നും ഷമീം കൂട്ടിച്ചേര്‍ത്തു.

എച്ച്.പി ലാപ്ടോപ്പ് ആവശ്യപ്പെട്ട തനിക്ക് ലഭിച്ചത് കൊക്കോണിക്സ് കമ്പനിയുടെ ലാപ്ടോപ്പാണ് എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഇയാള്‍ പറയുന്നു. പക്ഷേ വീട്ടിലെത്തി പിറ്റേന്ന് ലാപ്ടോപ്പ് ഓണ്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കെ.എസ്.എഫ്.ഇ ഓഫീസില്‍ അറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നും കമ്പനിയെ അറിയിക്കാനും പറഞ്ഞ് അവര്‍ കൈ ഒഴിഞ്ഞു. കമ്പനിയില്‍ വിളിച്ച് കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ റീപ്ലേസ് ചെയ്ത് തരാമെന്നും കുറ്റിപ്പുറം ബ്രാഞ്ചിലേക്ക് എത്താനും പറഞ്ഞു. അവിടെ പോയി കംപ്ലൈന്റ് ആയ ലാപ്ടോപ്പ് തിരികെ നല്‍കി പുതിയത് വാങ്ങി വീട്ടിലെത്തി. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കൊക്കോണിക്സ് വീണ്ടും പണിമുടക്കിയെന്നും കമ്പനി സര്‍വീസ് സെക്ഷനില്‍ വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കുന്നില്ലെന്നും ഷമീം പറഞ്ഞു.

വായ്പയുടെ ബാക്കി തവണകള്‍ മുടക്കാതിരിക്കാനും കഴിയാത്ത അവസ്ഥയാണെന്നും യഥാര്‍ത്ഥത്തില്‍ കുടത്തില്‍ തല കുടുങ്ങിയ നായയുടെ അവസ്ഥയിലായി കാര്യങ്ങള്‍ എ്ന്നും ഷമീം കുറിച്ചു. ഇയാളുടെ പോസ്റ്റിനു താഴെ ലാപ് ടോപ് വാങ്ങി കുഴിയിലായ വേറെയും ആളുകള്‍ തങ്ങളുടെ അനുഭവം കമന്റ് ആയി പറഞ്ഞു കഴിഞ്ഞു. വിപണിയില്‍ വന്നത് മുതല്‍ വളരെ മോശം പ്രതികരണമാണ് ലാപ് ടോപ്പിനു ലഭിക്കുന്നത് എന്ന് അവരുടെ കമ്പനി സൈറ്റില്‍ കയറി റിവ്യൂസ് കണ്ടാല്‍ മനസിലാകും. എന്നിട്ടും സര്‍ക്കാര്‍ ഇതിനെ ആശ്രയിക്കുന്നത് വലിയ ഒരു അഴിമതിയുടെ തെളിവാണ് എന്നും ജനങ്ങള്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :