മന്ത്രി ശശീന്ദ്രന്‍ ഇടപെട്ട പീഡന പരാതി ; കുണ്ടറ സി.ഐയെ സ്ഥലം മാറ്റി

വിവാദമായ കുണ്ടറ പീഡന പരാതിയില്‍ സി ഐ എസ്. ജയകൃഷ്ണന് സ്ഥലംമാറ്റം. കേസ് അന്വേഷണത്തില്‍ സി ഐ ജയകൃഷ്ണന് വീഴ്ച പറ്റിയെന്ന ഡി ഐ ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പകരം എസ് മഞ്ജു ലാലിനെ കുണ്ടറ സ്റ്റേഷനിലെ പുതിയ സി ഐ ആയി നിയമിച്ചു. അന്വേഷണത്തില്‍ സി.ഐയ്ക്ക് വീഴ്ച്ച പറ്റിയെന്ന് ഡി.ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയാണ് എന്‍.സി.പി നേതാവിന്റെ മകള്‍ പീഡനപരാതി ഉന്നയിച്ചത്. ഈ പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.

ആരോപണവിധേയനായ പത്മാകരന് എതിരെ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി. പത്മാകരന് വേണ്ടി മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേസമയം കുണ്ടറ പീഡനശ്രമം ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു . ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു . പാര്‍ട്ടിയുടെ സത്പേരിന് കളങ്കം ഉണ്ടാക്കി എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി. മന്ത്രി എ.കെ ശശിന്ദ്രന് എന്‍സിപി ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിനേയും മണ്ഡലം ഭാരവാഹിയായ രാജീവനേയും നേരത്തെ എന്‍സി പിയില്‍ നിന്ന് സ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നാലുപേരെ കൂടി സംസ്ഥാന സമിതി സസ്‌പെന്‍ഡ് ചെയ്തു. എന്‍സിപി മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് ഹണി വിറ്റോ, സംസ്ഥാന സമിതി അംഗം പ്രതീപ്കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്റ്റ്, എന്‍വൈസി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.